ശ്യാമമാധവത്തെ ചൊല്ലി പരിവാര്‍ സംഘടനയില്‍ ഭിന്നത; എവിടെ കൃഷ്ണനിന്ദ?; പോര് മുറുകുന്നു

കവിതയെ കവിതയായി കണ്ടു വായിക്കുക.ബോധപൂര്‍വം സംസ്‌കാരനിന്ദ നടത്തുന്ന കൃതികള്‍ എതിര്‍ക്കപ്പെടണം.പക്ഷെ ശ്യാമമാധവം ആ ഗണത്തില്‍ ഉളള കൃതി അല്ല
ശ്യാമമാധവത്തെ ചൊല്ലി പരിവാര്‍ സംഘടനയില്‍ ഭിന്നത; എവിടെ കൃഷ്ണനിന്ദ?; പോര് മുറുകുന്നു


കൊച്ചി: പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് നല്‍കിയതിനെതിരെ സംഘ്പരിപാര്‍ സംഘടനയായ തപസ്യയില്‍ അഭിപ്രായഭിന്നത രൂക്ഷം. തപസ്യയുടെ പരസ്യപ്രസ്താവനയ്‌ക്കെതിരെ അതേ രീതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സംഘടനയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ശ്രീ ശൈലം രംഗത്തെത്തി.

ജ്ഞാനപ്പാനയുടെ പേരില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക് നല്‍കിയത് പൂന്താനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു തപസ്യ കലാസാഹിത്യവേദിയുടെ പ്രസ്താവന. എന്നാല്‍ ശ്യാമമാധവം മുഴുവന്‍ വായിച്ചിട്ടും അതില്‍ കൃഷ്ണനിന്ദ കാണാന്‍ ആയില്ലെന്നും കൃഷ്ണനെ കൂടുതല്‍ സ്‌നേഹിക്കാന്‍ ആണ് തോന്നിയതെന്നും മലയാളം അധ്യാപകനായ ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കവിതയെ കവിതയായി കണ്ടു വായിക്കുക.ബോധപൂര്‍വം സംസ്‌കാരനിന്ദ നടത്തുന്ന കൃതികള്‍ എതിര്‍ക്കപ്പെടണം.പക്ഷെ ശ്യാമമാധവം ആ ഗണത്തില്‍ ഉളള കൃതി അല്ല.ആത്മസംഘര്‍ഷം നിറഞ്ഞ കൃഷ്ണഹൃദയം ആവിഷ്‌കരിക്കുന്നതില്‍ തെറ്റില്ല.ചിന്താവിഷ്ടയായ സീത രാമ നിന്ദ എന്ന് പറയും പോലെ ബാലിശമാണ് ശ്യാമമാധവം കൃഷ്ണനിന്ദ എന്ന ചിന്തയുമെന്ന് കുറിപ്പില്‍ പറയുന്നു.  

ഭഗവദ്ഗീത ഉപദേശിച്ച കൃഷ്ണന്‍ അതില്‍ ഖേദിക്കുന്നതായും പാഞ്ചാലിയോട് രഹസ്യകാമന പുലര്‍ത്തിയതായും തുടങ്ങി കവിതയിലുടനീളം ശ്രീകൃഷ്ണജീവിതസന്ദര്‍ഭങ്ങളെ അപനിര്‍മ്മിക്കുകയും അപമാനിക്കുകയുമാണ് ശ്യാമമാധവം എന്ന കവിതയില്‍. ഇത്തരത്തില്‍ ശ്രീകൃഷ്ണസങ്കല്പത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യുന്ന കവിതയ്ക്ക് ശ്രീകൃഷ്ണഭക്തിയാല്‍ പ്രചോദിതമായ ജ്ഞാനപ്പാനയുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് ദേവസ്വംബോര്‍ഡ് കവി പൂന്താനത്തോടും ഭക്തജനങ്ങളോടും ചെയ്യുന്ന അനീതിയാണെന്നും തപസ്യയുടെ പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com