ചങ്ങനാശ്ശേരി; കാമുകിയെ വിഡിയോകോള്‍ ചെയ്ത് യുവാവ് ലോഡ്ജിനുള്ളില്‍ തുങ്ങിമരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബാദുഷയാണ്(26) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചങ്ങനാശ്ശേരി പൂച്ചിമുക്കിലെ ലോഡ്ജിലായിരുന്നു സംഭവം. കാമുകിയെ വീഡിയോകോള്‍ വിളിച്ചശേഷമായിരുന്നു ആത്മഹത്യ. ഇരുവരും തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചശേഷമാണ് ബാദുഷ ലോഡ്ജിലെത്തിയത്. മുറിയില്‍ക്കയറി കാമുകിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ജീവനൊടുക്കുകയായിരുന്നു. യുവാവ് ജീവനൊടുക്കുന്നത് കാമുകി ലൈവായി കണ്ടതോടെ അയാള്‍ ജോലിചെയ്യുന്ന ജ്യൂസ് കടയുടെ ഉടമയെ യുവതി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പുലര്‍ച്ചെ ആറുമണിയോടെയാണ് യുവതിയുടെ മിസ്കോളുകള്‍ ഇയാള്‍ കണ്ടത്.
തുടര്‍ന്ന് യുവതിയെ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. ഉടന്‍ ഇയാള്‍ ബാദുഷയെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കാതെവന്നതോടെ ലോഡ്ജിലെത്തി. ലോഡ്ജിലെ ജനാലയിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. പോലീസെത്തി വാതില്‍ പൊളിച്ച് അകത്തുകയറി. വാതില്‍ ഉള്ളില്‍നിന്ന് കുറ്റിയിട്ടനിലയിലായിരുന്നു.
ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യതന്നെയെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസ്. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്പലപ്പുഴ സ്വദേശിയായ ബാദുഷ നേരത്തേ വിവാഹിതനാണ്. ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഇയാള്‍ വീഡിയോ അയച്ചുനല്കിയകാര്യം മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കില്മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ