തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ ?; ഉദ്യോഗസ്ഥരോട് കയര്‍ത്ത് മന്ത്രി, ഇടപെട്ട സിപിഎം ലോക്കല്‍ സെക്രട്ടറിക്കും ശകാരം 

ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സര്‍ക്കിള്‍ നിര്‍മിച്ചതെന്നും ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു
തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ ?; ഉദ്യോഗസ്ഥരോട് കയര്‍ത്ത് മന്ത്രി, ഇടപെട്ട സിപിഎം ലോക്കല്‍ സെക്രട്ടറിക്കും ശകാരം 

കാസര്‍കോട് : ട്രാഫിക് സര്‍ക്കിള്‍ ഉദ്ഘാടനത്തിന്റെ ശിലാഫലകം സര്‍ക്കിളിനുള്ളില്‍ സ്ഥാപിക്കാതെ മറ്റൊരു സ്ഥലത്ത് വച്ചതില്‍ ക്ഷോഭിച്ച് പൊതുമരാമത്ത് വകുപ്പ് മന്തി ജി സുധാകരന്‍. വേദിയുടെ സമീപത്ത് താല്‍ക്കാലിക സ്റ്റാന്‍ഡ് വച്ച് അതിലാണ് ഉദ്ഘാടനത്തിനുള്ള ശിലാഫലകം സ്ഥാപിച്ചിരുന്നത്. ഇതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. ആര് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ച് ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചു. തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചു. ഒരു റോഡിന്റെ ഉദ്ഘാടനം മറ്റൊരു റോഡില്‍ വയ്ക്കുന്നതുപോലെയാണിതെന്ന് മന്ത്രി പറഞ്ഞു. 

ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് ഉദ്ഘാടനത്തിനു ശേഷം പ്രസംഗിക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു. വേദിയിലേക്ക് കയറാതെ നാട മുറിച്ചാണ് ഉദ്ഘാടനം നടത്തിയത്. പുനര്‍ നിര്‍മിച്ച സര്‍ക്കിളിന്റെ ഉദ്ഘാടനത്തിനു വേണ്ടത്ര തയാറെടുപ്പില്ലാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. 11 ന് നിശ്ചയിച്ച പരിപാടിക്ക് മഞ്ചേശ്വരം സബ് റജിസ്ട്രാര്‍ ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂര്‍ വൈകിയാണ് അദ്ദേഹം എത്തിയത്.

പരിപാടിയുടെ നോട്ടിസ് ചോദിച്ചപ്പോള്‍ മരാമത്ത് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. നോട്ടിസ് അടിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനിടെ, ഉദ്ഘാടന പരിപാടിക്ക് ശേഷം ശിലാഫലകം സര്‍ക്കിളില്‍ സ്ഥാപിക്കാമെന്ന് ലോക്കല്‍ സെക്രട്ടറി എ ആര്‍ ധന്യവാദ് മന്ത്രിയോട് പറഞ്ഞു. ഇതോടെ പാര്‍ട്ടി സെക്രട്ടറിയോടും മന്ത്രി കയര്‍ത്തു. നിങ്ങളാണോ ഇതിനു മറുപടി പറയേണ്ടതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സര്‍ക്കിള്‍ നിര്‍മിച്ചതെന്നും ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി വിനോദ് കുമാര്‍ മുതല്‍ ഓവര്‍സീയര്‍ വരെയുള്ള ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയായിരുന്നു വിമര്‍ശനം.

ഇതിനിടെ ഉദ്യോഗസ്ഥര്‍ സര്‍ക്കിളില്‍ നാട കെട്ടി മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തു. അത് മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം സര്‍ക്കിളിലൂടെ നടന്ന് എല്ലാം കണ്ട ശേഷം മന്ത്രി മടങ്ങി. എംഎല്‍എ മാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, സിപിഎം ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com