പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യം

6.50ന് ശ്രീകോവിലില്‍ ദീപാരാധന, പിന്നാലെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു
പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യം

ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. മകരവിളക്ക് ദര്‍ശിക്കാനായി ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തേക്കെത്തിയത്. 
6.50ന് ശ്രീകോവിലില്‍ ദീപാരാധന, പിന്നാലെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. 

പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി മകരവിളക്ക് ദര്‍ശനത്തിന് സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തര്‍ നിലയുറപ്പിച്ചു. തിരക്ക് മുന്‍പില്‍ കണ്ട് ബുധനാഴ്ച രാവിലെ 11 മണി മുതല്‍ തന്നെ പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ മല കയറുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മകരവിളക്ക് ദര്‍ശനത്തിന് പിന്നാലെ സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ എത്രയും പെട്ടെന്ന് മടങ്ങണം എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടര്‍ന്ന് അവിടെനിന്ന് തീവട്ടികളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആനയിച്ച് സന്നിധാനത്ത് 18ാം പടിക്ക് മുകളില്‍ വെച്ച് ദേവസ്വം അധികൃതര്‍ തിരുവാഭരണ പേടകം ഏറ്റുവാങ്ങി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ സന്നിധാനത്ത് എത്തിയിരുന്നു.

മൂന്ന് പെട്ടികളിലായാണ് തിരുവാഭരണങ്ങള്‍ എത്തിച്ചത്. ആദ്യത്തെ പെട്ടിയില്‍ തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, ആന, കടുവ, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവയാണുള്ളത്. ഇവയാണ് വിഗ്രഹത്തില്‍ അണിയിച്ചത്.

രണ്ടാമത്തെ പെട്ടിയില്‍ കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങള്‍ എന്നിവയാണുള്ളത്. മൂന്നാമത്തെ പെട്ടിയില്‍ കൊടിപ്പെട്ടി, നെറ്റിപ്പട്ടം, കൊടികള്‍, മെഴുവട്ടക്കുട എന്നിവയാണുള്ളത്. ഇവ രണ്ടും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ളവയാണ്. പന്തളത്തുനിന്ന് തിരുവാഭരണത്തിനൊപ്പമെത്തിയ അയ്യപ്പന്മാരെയാണ് ദീപാരാധനയ്ക്ക് ശേഷം ആദ്യം സന്നിധാനത്തേക്ക് കടത്തിവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com