കണ്ണൂര്‍ : കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും അറസ്റ്റിലായ വിദ്യാര്‍ത്ഥികളായ അലന് ഷുഹൈബും താഹയും മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് പി ജയരാജന്. അലന്റെ അമ്മ വായിച്ചറിയുവാന്‍ എന്ന തലക്കെട്ടില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജയരാജന് മുന്‍ ആരോപണം ആവര്‍ത്തിച്ചത്. അലനും താഹയും എസ്എഫ്ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് ജയരാജന് ആരോപിച്ചത്. ഇതിനെതിരെ ഇന്നലെ അലന്റെ അമ്മ മറുപടിയുമായി രംഗത്തുവന്നിരുന്നു.
പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലന് താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലംവിട്ടിരുന്നു എന്നുമുള്ള സഹവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ പറഞ്ഞത്. പാലയാട് യൂനിവേഴ്സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്എഫ്ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നുവെന്നും ജയരാജന് കുറിപ്പില്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
അലന്റെ അമ്മ വായിച്ചറിയുവാന്‍.....
കെ.എല്‍.എഫ് വേദിയില്‍ സംവാദത്തിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തുകൊണ്ട്ഫേസ്ബുക്കിലിട്ട പോസ്റ്റ് മീഡിയാവണ്‍ ഉള്‍പ്പെടേയുള്ള മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായത്. മകന് ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്.
അലന് എസ്.എഫ്.ഐ യുടെ നേതാവായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എന്നാല്‍ സി.പി.എം മെമ്പറാണ്. പാര്‍ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന് പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലന് താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലംവിട്ടിരിന്നു എന്നുമുള്ള സഹവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. പാലയാട് യൂനിവേഴ്സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.
ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം.
എന്‍.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ല. സി.പി.ഐ(എം) പ്രവര്‍ത്തകരെയടക്കം യു.എ.പി.എ കേസില്‍പ്പെടുത്തി പീഢിപ്പിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍...!. അതിനെ അംഗീകരിക്കാത്ത, മുസ്ലീം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ അപേക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ