'പുതുവര്‍ഷം പൊലീസ് സ്‌റ്റേഷനില്‍, ഞെട്ടലില്‍'; പൊലീസ് തൊപ്പി ധരിച്ച് സിപിഎം നേതാവിന്റെ സെല്‍ഫി, വിവാദം

അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന അഞ്ചു സെല്‍ഫി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്
'പുതുവര്‍ഷം പൊലീസ് സ്‌റ്റേഷനില്‍, ഞെട്ടലില്‍'; പൊലീസ് തൊപ്പി ധരിച്ച് സിപിഎം നേതാവിന്റെ സെല്‍ഫി, വിവാദം

തൃശൂര്‍ :  പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പൊലീസ് തൊപ്പി ധരിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ  സെല്‍ഫി വിവാദത്തില്‍. പോട്ട കെ കെ റോഡ് ബ്രാഞ്ച് സെക്രട്ടറി അനുരാജാണ് കാക്കിത്തൊപ്പിയണിഞ്ഞ സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'പുതുവര്‍ഷം പൊലീസ് സ്‌റ്റേഷനില്‍, ഞെട്ടലില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ അനുരാജ് പോസ്റ്റ് ചെയ്തത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന അഞ്ചു സെല്‍ഫി ചിത്രങ്ങളാണ് അനുരാജ് പോസ്റ്റ് ചെയ്തത്.

മറ്റൊരാളെ ജാമ്യത്തിലിറക്കാന്‍ ചാലക്കുടി സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. വിവാദമായതോടെ പോസ്റ്റ് നീക്കി. പുതുവര്‍ഷത്തലേന്ന് രാത്രിയായിരുന്നു വിവാദത്തിന് ഇടയാക്കിയ സംഭവം. ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും കുറേപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് എത്തിയത്.

പുതുവത്സരാഘോഷം നടന്നതിനാല്‍ ഭൂരിപക്ഷം പൊലീസുകാരും പുറത്ത് ഡ്യൂട്ടിയിലായിരുന്നു. അനുരാജ് എത്തുമ്പോള്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. കേസുകളില്‍പ്പെട്ട 12 പേരും ജാമ്യമെടുക്കാന്‍ എത്തിയ 24 പേരും ഉള്‍പ്പെടെ 36 പേര്‍ സ്‌റ്റേഷനില്‍ ഒന്നിച്ചെത്തിയതോടെ തിരക്കേറി. ഇതിനിടെ അനുരാജ് പൊലീസിന്റെ വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്തു തലയില്‍ വച്ചു സെല്‍ഫിയെടുക്കുകയായിരുന്നു.

സെല്‍ഫിയില്‍ ചില ചിത്രങ്ങളില്‍ സുഹൃത്തുക്കളും  ഒപ്പംകൂടി. സംഭവം വിവാദമാകുകയും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതോടെ പോസ്റ്റ് നീക്കുകയായിരുന്നു. അനുരാജിനെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചതായി എസ്‌ഐ അരുണ്‍ അറിയിച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com