കൈകാണിച്ചാല്‍ ഉടന്‍ വാഹനം നിര്‍ത്തിക്കോ..., 'ക്രൈം ഡ്രൈവ്' ആപ്പുമായി പൊലീസ്

വൃക്തിഗത കേസ് വിവരങ്ങള്‍, വാഹനവിവരങ്ങള്‍ തുടങ്ങി എല്ലാം ഞൊടിയിടയില്‍ പൊലീസിനു മനസ്സിലാക്കാനാകും
കൈകാണിച്ചാല്‍ ഉടന്‍ വാഹനം നിര്‍ത്തിക്കോ..., 'ക്രൈം ഡ്രൈവ്' ആപ്പുമായി പൊലീസ്

തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചാല്‍ നിര്‍ത്താതെ വിട്ടുപോകുന്ന വിരുതന്മാരുണ്ട്. എന്നാല്‍ ഇനി അത്തരത്തില്‍ രക്ഷപ്പെടാമെന്ന് കരുതേണ്ട. കൈകാണിക്കുന്ന വാഹനവും അതിന്റെ ഉടമയെയും കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ഇനി നൊടിയിടയില്‍ പൊലീസിന്റെ കൈവശം ലഭിക്കും.

ഇതിന് സഹായിക്കുന്ന ക്രൈം ഡ്രൈവ് ആപ്പ് പൊലീസ് സജ്ജമാക്കി. ഇതുവഴി വൃക്തിഗത കേസ് വിവരങ്ങള്‍, വാഹനവിവരങ്ങള്‍ തുടങ്ങി എല്ലാം ഞൊടിയിടയില്‍ പൊലീസിനു മനസ്സിലാക്കാനാകും. എല്ലാ പൊലീസ് സേനാംഗങ്ങള്‍ക്കും ഉപയോഗിക്കാനാകും എന്നതിനാല്‍ ഏറെ പ്രയോജനം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ആപ്പില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ ഉടമ ആരെന്നത് അടക്കമുള്ള പൂര്‍ണ വിവരങ്ങളും അറിയാം. വാഹനത്തിന് കാലാവധിയുള്ള ഇന്‍ഷുറന്‍സുണ്ടോ, കുറ്റകൃത്യങ്ങളില്‍പ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും കിട്ടും.

വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെച്ച് പൊലീസിന് വിവരം നല്‍കിയാല്‍ അതും പെട്ടെന്ന് കണ്ടെത്താനാകും. ലൈസന്‍സോ വോട്ടര്‍ ഐഡി കാര്‍ഡോ ആധാറോ പരിശോധിച്ചാല്‍ അയാളുടെ പേരില്‍ സംസ്ഥാനത്തെ എത് പൊലീസ് സ്‌റ്റേഷനില്‍ കേസുണ്ടെങ്കിലും മുഴുവന്‍ വിവരങ്ങളും ഉടന്‍ അറിയാനാകും. കോടതി വ്യവഹാരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയും കണ്ടെത്താം.

രാജ്യത്തെവിടെ കേസുണ്ടെങ്കിലും വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. സംസ്ഥാനത്ത് എവിടെ നിന്നും കാണാതാകുന്നവരുടെ വിവരങ്ങള്‍ ആപ്പിലൂടെ അപ്പപ്പോള്‍ തന്നെ പൊലീസിലെ മുഴുവന്‍ ആളുകള്‍ക്കും കിട്ടും. അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരവുമുണ്ടാകും. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അടക്കമുള്ള അന്വേഷണത്തിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്താനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com