ടോള്‍ പ്ലാസയില്‍ ട്രാക്ക് തെറ്റിച്ചു കയറി, ദമ്പതികളെ കയ്യേറ്റം ചെയ്തു, അസഭ്യവര്‍ഷം; ഫോണ്‍ എറിഞ്ഞ് തകര്‍ത്തു

പാലിയേക്കര ടോള്‍ പ്ലാസയില്‍ ട്രാക്ക് തെറ്റിച്ചു കയറിയ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് നേരെ ജീവനക്കാരുടെ കയ്യേറ്റവും അസഭ്യവര്‍ഷവും
ടോള്‍ പ്ലാസയില്‍ ട്രാക്ക് തെറ്റിച്ചു കയറി, ദമ്പതികളെ കയ്യേറ്റം ചെയ്തു, അസഭ്യവര്‍ഷം; ഫോണ്‍ എറിഞ്ഞ് തകര്‍ത്തു

തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ട്രാക്ക് തെറ്റിച്ചു കയറിയ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് നേരെ ജീവനക്കാരുടെ കയ്യേറ്റവും അസഭ്യവര്‍ഷവും. പരിക്കേറ്റ ദമ്പതിമാര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നെന്മണിക്കര വെളിയത്തുപറമ്പില്‍ വിമല്‍ (40), ഭാര്യ തനൂജ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിമലിന്റെ മൊബൈലും എറിഞ്ഞുടച്ചതായി പരാതിയില്‍ പറയുന്നു.

നടത്തറ പഞ്ചായത്തില്‍ വിഇഒയായ ഭാര്യയെ ഓഫീസിലാക്കാന്‍ പാലിയേക്കരയിലൂടെ കടന്നു പോവുകയായിരുന്നു വിമല്‍. വാഹനക്കുരുക്കില്‍ പെട്ടതോടെ ഒഴിഞ്ഞു കിടന്ന ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നതാണ് പ്രശ്‌നത്തിനു കാരണം. മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കു പിന്നാലെ  ഫാസ്ടാഗ് ട്രാക്കില്‍ കടന്നതായിരുന്നു ഇവര്‍. ട്രാക്ക് തെറ്റിച്ചു വരുന്നവരെയെല്ലാം ടോള്‍ ബൂത്തിനു സമീപത്തു നിന്ന ജീവനക്കാരന്‍ അസഭ്യം പറഞ്ഞിരുന്നുവെന്നു വിമല്‍ പറയുന്നു.സ്‌കൂട്ടറിനു പിന്നിലിരുന്ന തനൂജയെ വലിച്ചിറക്കാന്‍ ജീവനക്കാര്‍ ശ്രമം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് വിമല്‍ പറയുന്നു.

ഇത് ചോദ്യം ചെയ്തതോടെ അസഭ്യ വര്‍ഷമായി. തുടര്‍ന്നു വാക്കേറ്റവും കയ്യേറ്റവും നടന്നു. ടോള്‍ പ്ലാസയിലെ കൂടുതല്‍ ജീവനക്കാരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സംഘര്‍ഷമായി. ഇതിനിടെ വിമലിന്റെ മൂക്കിനും തനൂജയുടെ കൈക്കും തോളെല്ലിനും പരുക്കേറ്റു. 

ടോള്‍ ജീവനക്കാരന്‍ വിമലിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തു. തുടര്‍ന്നു നാട്ടുകാര്‍ തന്നെ വിമലിനേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം, വിമല്‍ ഹെല്‍മറ്റുകൊണ്ട് അടിച്ചുവെന്നാരോപിച്ചു  ടോള്‍ പ്ലാസയിലെ ജീവനക്കാരനും ചികിത്സ തേടി. ഇവരുടെ പരാതിയില്‍ ദമ്പതിമാര്‍ക്കെതിരെയും പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com