അഞ്ചു കിലോമീറ്ററിന് പത്തുരൂപ, ഏഴര കിലോമീറ്റര്‍ വരെ 13 രൂപ, 10 കിലോമീറ്ററിന് 15; പുതിയ ബസ് നിരക്കുകള്‍ ഇങ്ങനെ

മിനിമം ബസ് ചാര്‍ജില്‍ മാറ്റം വരുത്തിയില്ലെങ്കിലും ദൂരപരിധി വെട്ടിക്കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്
അഞ്ചു കിലോമീറ്ററിന് പത്തുരൂപ, ഏഴര കിലോമീറ്റര്‍ വരെ 13 രൂപ, 10 കിലോമീറ്ററിന് 15; പുതിയ ബസ് നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം : മിനിമം ബസ് ചാര്‍ജില്‍ മാറ്റം വരുത്തിയില്ലെങ്കിലും ദൂരപരിധി വെട്ടിക്കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിലവില്‍ അഞ്ചു കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ്ജാണ് ഈടാക്കുന്നത്. എട്ടു രൂപയാണ് ചാര്‍ജ്. ഇനിമുതല്‍ രണ്ടര കിലോമീറ്റര്‍ വരെയുളള ദൂരപരിധിക്ക് മാത്രമേ ഇത് ബാധകമാകൂ. ഇതില്‍ കൂടുതല്‍ സഞ്ചരിച്ചാല്‍ അടുത്ത ഫെയര്‍ സ്റ്റേജിലേക്ക് കടക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കോവിഡ് കാലത്തേയ്ക്ക് മാത്രമായി നിരക്ക് വര്‍ധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

രണ്ടര കിലോമീറ്ററിന് കഴിഞ്ഞുള്ള ഓരോ സ്‌റ്റേജിലെയും നിരക്ക് ഇങ്ങനെയാണ്. അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് പുതിയ നിരക്ക് പത്തുരൂപയാണ് . ഏഴര കിലോമീറ്റര്‍ വരെ  പതിമൂന്ന് രൂപയാണ് നിരക്ക്. പത്തുകിലോമീറ്ററിന് നിരക്ക് പതിനഞ്ചു രൂപയാണ്. പത്രണ്ടര കിലോമീറ്ററിന് നിരക്ക് പതിനേഴ് രൂപയും. പതിനഞ്ച് കിലോമീറ്ററിന് നിരക്ക് പത്തൊന്‍പതു രൂപയാണ്. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല.

യാത്രക്കാരെ സാമൂഹിക അകലം പാലിച്ചു കൊണ്ടുപോകുന്ന കോവിഡ് കാലത്തേക്ക് മാത്രമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഗതാഗത വകുപ്പ് നല്‍കിയ ബസ് ചാര്‍ജ് വര്‍ധന ശുപാര്‍ശ അംഗീകരിച്ചുവെങ്കിലും നിരക്കില്‍ മാറ്റം വരുത്തി പുതിയ ചാര്‍ജ് മന്ത്രിസഭ നിശ്ചയിക്കുകയായിരുന്നു. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാക്കാനായിരുന്നു ഗതാഗതവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ രണ്ടര കിലോമീറ്ററിന് എട്ടുരൂപയാക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com