പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കുന്നു ; പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് എന്തിനാണ് മുഖ്യമന്ത്രി ഇത്രയും വലിയ ആഭിമുഖ്യം കാട്ടുന്നത് എന്ന് ചെന്നിത്തല ചോദിച്ചു
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കുന്നു ; പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഇ മൊബിലിറ്റി പദ്ധതിക്ക് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണ പ്രകാരം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഓഫീസ് സെക്രട്ടേറിയറ്റില്‍ തുറക്കാന്‍ പോകുകയാണ്. നാല് ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ഉണ്ടാകുക. ഇവര്‍ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയേക്കാള്‍ കൂടുതലാണ് ശമ്പളം. പ്രതിമാസം മൂന്നുലക്ഷത്തോളം രൂപയാണ് ഉദ്യോഗസ്ഥരുടെ ശമ്പളമെന്ന് ചെന്നിത്തല പറഞ്ഞു.

സെക്രട്ടറേിയറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഓഫീസ് തുറക്കുന്നതോടെ, ഇനി അവരുടെ ബോര്‍ഡും, സെക്രട്ടേറിയറ്റിന് മുന്നില്‍ ദേശീയപതാകക്കൊപ്പം പിഡബ്ലിയുസിയുടെ ലോഗോ കൂടി പാറിപ്പറക്കുമെന്നും ചെന്നിത്തല പരിഹസിച്ചു. ഈ സര്‍ക്കാര്‍ മൊത്തം കണ്‍സള്‍ട്ടന്‍സിയുടെ പിന്നാലെയാണ്. കണ്‍സള്‍ട്ടന്‍സിക്ക് വേണ്ടി അന്താരാഷ്ട്ര കുത്തകകള്‍ സെക്രട്ടറിയറ്റിന് മുകളില്‍ റാകിപ്പറക്കുകയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കണ്‍സള്‍ട്ടന്‍സി നല്‍കിയതിനെ എതിര്‍ത്ത് ധനകാര്യ സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും കുറിപ്പിനുള്ള മറുപടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് ചീഫ് സെക്രട്ടറി ചോദിച്ചത്. ഇരുവരും എതിര്‍പ്പ് ഉന്നയിച്ചിട്ടും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് യോഗം വിളിച്ച് കണ്‍സള്‍ട്ടന്‍സി കൊടുത്തത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് എന്തിനാണ് മുഖ്യമന്ത്രി ഇത്രയും വലിയ ആഭിമുഖ്യം കാട്ടുന്നത് എന്നും ചെന്നിത്തല ചോദിച്ചു.

സെബി വിലക്കിയ കമ്പനിയാണ് പിഡബ്ലിയുസി. സുപ്രീംകോടതി ഉത്തരവിന് വിലയില്ലേ എന്ന് മുഖ്യമന്ത്രി പറയണം. എന്തുകൊണ്ട് നടപടിക്രമം പാലിച്ചില്ല എന്ന തന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ല. ശാസ്ത്രീയമായി അഴിമതി നടത്തുക, തന്മയത്വത്തോടെ മൂടിവെക്കുക എന്നതാണ് സര്‍ക്കാര്‍ നയം. കടും വെട്ട് നടത്തുന്നത് തടയുന്ന പ്രതിപക്ഷത്തെ വികസന വിരോധികളായി മുദ്രകുത്തുകയാണ്. ഇത് ജനം പുച്ഛിച്ച് തള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com