ആ 'അത്യപൂർവ രക്തം' വേണ്ടി വന്നില്ല ; അഞ്ചുവയസ്സുകാരിയുടെ ശസ്ത്രക്രിയ വിജയകരം

മറ്റൊരാളുടെ രക്തം സ്വീകരിക്കാതെ തന്നെയാണ് അഞ്ചുവയസ്സുകാരി അനുഷ്കയെ ശസ്ത്രക്രിയ ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അത്യപൂർവ രക്ത​ഗ്രൂപ്പുള്ള കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം.  ’പി നൾ’ എന്ന അപൂർവ രക്തഗ്രൂപ്പുമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തീകരിച്ചു. മറ്റൊരാളുടെ രക്തം സ്വീകരിക്കാതെ തന്നെയാണ് അഞ്ചുവയസ്സുകാരി അനുഷ്കയെ ശസ്ത്രക്രിയ ചെയ്തത്. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.

കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്ലാസ്റ്റിക് സർജറി, ഹെഡ് ആൻഡ് നെക് സർജറി ചെയർമാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ അറിയിച്ചു. ഗുജറാത്തിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളാണ് അനുഷ്ക. 2019 ജൂലായിൽ ഗുജറാത്തിൽ വെച്ച് കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽനിന്നു വീണ് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കുട്ടി 25 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു.

ഭക്ഷണത്തിലൂടെ രക്തത്തിലെ കൗണ്ട് കൂട്ടിയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത്. ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് അണുബാധയുണ്ടായി. തുടർന്ന് ഏപ്രിൽ 23-നാണ് കുട്ടിയെ അമൃതയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി ’പി നൾ’ രക്തദാതാവിനെ അന്വേഷിച്ചുള്ള സന്ദേശങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com