കണ്ണേറ്റ്മുക്കില്‍ സൂട്ട് റൂമുകളോട് കൂടിയ ആഡംബര വസതിയുടെ നിര്‍മ്മാണം, തറക്കല്ലിടലില്‍ വിഐപികള്‍; ചുരുങ്ങിയ കാലം കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച 

വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിന് ഇടക്കാലം കൊണ്ട് ഉണ്ടായത് വന്‍ സാമ്പത്തിക വളര്‍ച്ച
കണ്ണേറ്റ്മുക്കില്‍ സൂട്ട് റൂമുകളോട് കൂടിയ ആഡംബര വസതിയുടെ നിര്‍മ്മാണം, തറക്കല്ലിടലില്‍ വിഐപികള്‍; ചുരുങ്ങിയ കാലം കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച 

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിന് ഇടക്കാലം കൊണ്ട് ഉണ്ടായത് വന്‍ സാമ്പത്തിക വളര്‍ച്ച.  തിരുവനന്തപുരം കണ്ണേറ്റ്മുക്കില്‍ ഒന്‍പത് സെന്റ് സ്ഥലത്ത് വന്‍ ആഡംബര വസതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്വപ്ന തുടക്കമിട്ടിരുന്നത്.ഫെബ്രുവരിയില്‍ സൂട്ട് റൂമുകളോട് കൂടിയ കെട്ടിടത്തിന് കോര്‍പ്പറേഷന്റെ അനുമതി തേടിയിരുന്നു. 

എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ജോലികള്‍ തടസ്സപ്പെട്ടു. തറക്കല്ല് ഇടുന്ന സമയത്ത് എം ശിവശങ്കര്‍ അടക്കമുള്ള ഉന്നതരായ ആളുകള്‍ എത്തിയിരുന്നതായി സമീപവാസികള്‍ പറയുന്നു. സമീപത്തെ ഒരു ആഡംബര ഹോട്ടലില്‍ പാര്‍ട്ടി നടന്നതായും സൂചനയുണ്ട്. ആഡംബര വസതിയുടെ നിര്‍മ്മാണ ചുമതല സരിത്തുമായി ബന്ധമുള്ള ആള്‍ക്കാണ് നല്‍കിയിരുന്നത്. 

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷില്‍ നിന്നും സന്ദീപ് നായരില്‍ നിന്നും എന്‍ഐഎ പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരേയും കൊണ്ട് അന്വേഷണ സംഘം ബംഗളൂരുവില്‍നിന്ന് തിരിച്ചു. ഉച്ചയോടെ കൊച്ചിയിലെത്തിക്കും. വൈകീട്ട് കോടതിയില്‍ ഹാജരാക്കും. 

അന്വേഷണ സംഘത്തലവന്‍ എന്‍ഐഎ ഡിവൈഎസ്പി, സി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗലൂരുവിലെത്തിയിട്ടുണ്ട്. രാത്രിതന്നെ നഗരത്തിലെ എന്‍ഐഎ ഓഫിസില്‍ ഇവരെ ചോദ്യം ചെയ്തു. ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാര്‍ട്‌മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.

സന്ദീപ് നായരുടെ ഫോണ്‍ കോളാണ് ഇരുവരേയും കുരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് സന്ദീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്ന സമയം സഹോദരനെ സന്ദീപ് ഫോണില്‍ വിളിച്ചു. ഇതാണ് സ്വപ്‌നയിലേക്കും സന്ദീപിലേക്കും എത്താന്‍ വഴി തുറന്നത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവില്‍ എത്തിയത്. ഭര്‍ത്താവും മക്കളും സ്വപ്‌നക്കൊപ്പം ഉണ്ടായിരുന്നു. ബംഗളൂരുവില്‍ എത്തിയത് എസ് ക്രോസ് കാറിലാണ്. സന്ദീപാണ് കാര്‍ ഓടിച്ചിരുന്നത്. 

യാത്രാമധ്യ പല ഇടങ്ങളിലും ഇവര്‍ താമസിച്ചു. ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ പിന്നാലെ കോറമംഗലയിലെ ഒക്ടേവിലേക്ക് മാറി. ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ റൂം ബുക്ക് ചെയ്തത്. പിടിയിലാവുമ്പോള്‍ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്.എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇവരെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com