സ്വപ്‌നയും സന്ദീപ് നായരും റിമാന്റില്‍; ഇരുവരെയും കോവിഡ് സെന്ററിലേക്ക് മാറ്റും

സ്വപ്‌നയെയും സന്ദീപ് നായരെയും എന്‍ഐഎ  കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
സ്വപ്‌നയും സന്ദീപ് നായരും റിമാന്റില്‍; ഇരുവരെയും കോവിഡ് സെന്ററിലേക്ക് മാറ്റും

കൊച്ചി:

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.് കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഇരുവരെയും റിമാന്റ് ചെയ്തത്. എന്‍ഐഎ പ്രത്യേക ജഡ്ജി പി.കൃഷ്ണകുമാറാണു ഉത്തരവിട്ടത്.സ്വപ്നയെയും സന്ദീപ് നായരെയും ഇന്ന് തൃശൂർ അമ്പലക്കരയിലെ കോവിഡ് കെയർ സെന്ററിലാക്കും. നാളെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

 ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികളുമായി എന്‍ഐഎ ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. ഇരുവരെയും കൊച്ചിക്ക് കൊണ്ടുവരും വഴി വടക്കഞ്ചേരിയില്‍ വച്ച് വാഹനത്തിന് കേടുപാടുണ്ടായി. ബെംഗളൂരുവില്‍ നിന്ന് വരുന്നവഴിയാണ് വടക്കഞ്ചേരിയില്‍ വച്ച് വാഹനം കേടായത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് കൊച്ചിയിലേക്കുള്ള തുടര്‍യാത്ര നടന്നത്.  വാളയാര്‍ അതിര്‍ത്തി കടന്ന് രണ്ട് വാഹനങ്ങളിലായി കൊണ്ടുവന്ന സ്വപ്നയേയും സന്ദീപിനേയും റോഡരികില്‍ വണ്ടി നിര്‍ത്തി കുറച്ച് കൂടി വലിയൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു. മുഖം മറച്ച നിലയിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി ചെന്നെങ്കിലും പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല  

വാളയാര്‍ അതിര്‍ത്തി കടന്നത് മുതല്‍ വഴിനീളെ പ്രതിഷേധം ആണ് വാഹവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറില്‍ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ തുടരുമെന്നിരിക്കെയാണ് സുരക്ഷിതമായ മറ്റൊരു വാഹനത്തില്‍ യാത്ര തുടരാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചത്.  പതിനൊന്നരയോടെ വാളയാറില്‍ എത്തിയ സംഘം വടക്കഞ്ചേരി കുതിരാന്‍ വഴി തൃശൂര്‍ പാലിയേക്കര വഴി കൊച്ചിക്ക് എത്തുകയായിരുന്നു. പ്രതികളുമായി ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി. പ്രതികളെ ആദ്യം എന്‍ഐഎ ഓഫീസിലായിരുന്നു ഹാജരാക്കിയത്. ഇവിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക കോടതിയിലേക്ക് പ്രതികളെ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com