ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ; കത്ത് പുറത്ത് , വ്യാജമാണോ എന്ന് അന്വേഷണം

ഫൈസല്‍ ഫരീദിനെ പാഴ്‌സല്‍ അയക്കാന്‍ നിയോഗിച്ചത് അറ്റാഷെയാണെന്നാണ് കത്തിലെ സൂചന
ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ; കത്ത് പുറത്ത് , വ്യാജമാണോ എന്ന് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ കുരുക്കിലേക്ക്. നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. ദുബായിലെ സ്‌കൈ കാര്‍ഗോ കമ്പനിക്കാണ് അറ്റാഷെ കത്ത് നല്‍കിയത്. 

തനിക്ക് പകരം ഫൈസല്‍ ഫരീദ് കാര്‍ഗോ അയക്കുമെന്നും ഇദ്ദേഹം വിമാനക്കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു. അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് കണ്ടെടുത്തു. യുഎഇയില്‍ നിന്ന് കാര്‍ഗോ അയക്കുന്നതിന് മുമ്പാണ് ഫൈസലിനെ ചുമതലപ്പെടുത്തിയത്. ഈ കത്ത് വ്യാജമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. കത്ത് ഫൈസല്‍ തന്നെ വ്യാജമായി നിര്‍മ്മിച്ചതാണോയെന്നും കസ്റ്റംസ് പരിശോധിക്കും. 

അതിനിടെ വിമാനത്താവളത്തില്‍ പിടിച്ചുവെച്ച ബാഗേജ് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് അറ്റാഷെയുടെ നിര്‍ദേശപ്രകാരം സ്വപ്‌ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ പാഴ്‌സല്‍ അയക്കാന്‍ നിയോഗിച്ചത് അറ്റാഷെയാണെന്നാണ് കത്തിലെ സൂചന. 

ദുബായില്‍ ഒളിവിലുള്ള പ്രതി ഫൈസല്‍ ഫരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്.  ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. കേസില്‍ രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്‌സല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ലാറ്റിലും അമ്പലമുക്കിലെ ഫ്‌ലാറ്റിലും ആണ് തെളിവെടുപ്പ്.  പിടിപി നഗറിലെ വീട്ടിലും അന്വേഷണസംഘമെത്തി.  സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയില്‍ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് പങ്കുവക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com