അപൂർവ രക്തം കിട്ടിയെങ്കിലും മുറിവുകൾ ഉണങ്ങിയിട്ടില്ല, അനുഷ്കയുടെ ശസ്ത്രക്രിയ ഉടനുണ്ടാവില്ല

കുട്ടിയുടെ തലയോട്ടിയിൽ വച്ചുപടിപ്പിച്ചിട്ടുള്ള ടൈറ്റാനിയം തകിട് മാറ്റ് പകരം എല്ലുകൊണ്ടുള്ള തലയോട്ടി പുനർനിർമിക്കേണ്ട ശസ്ത്രക്രിയയാണ് ഇനി നടക്കാനുള്ളത്
അപൂർവ രക്തം കിട്ടിയെങ്കിലും മുറിവുകൾ ഉണങ്ങിയിട്ടില്ല, അനുഷ്കയുടെ ശസ്ത്രക്രിയ ഉടനുണ്ടാവില്ല

കൊച്ചി; അപൂർവ രക്തം ലഭിച്ചെങ്കിലും അഞ്ചു വയസുകാരി അനുഷ്കയുടെ ശസ്ത്രക്രിയ ഉടനുണ്ടാവില്ല. മുൻപ് ചെയ്ത ശസ്ത്രക്രിയയിലെ മുറിവുകൾ ഉണങ്ങാത്തതിനാൽ തലയോട്ടിയിലെ ശസ്ത്രക്രിയ രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷമേ ഉണ്ടാകൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൂടാതെ അണുബാധയുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ കുറച്ചുനാൾ കൂടി നിരീക്ഷണവും കരുതലും വേണമെന്നും അവർ അറിയിച്ചു.

കുട്ടിയുടെ തലയോട്ടിയിൽ വച്ചുപടിപ്പിച്ചിട്ടുള്ള ടൈറ്റാനിയം തകിട് മാറ്റ് പകരം എല്ലുകൊണ്ടുള്ള തലയോട്ടി പുനർനിർമിക്കേണ്ട ശസ്ത്രക്രിയയാണ് ഇനി നടക്കാനുള്ളത്. അനുഷ്കയുടെ ഓപ്പറേഷനുവേണ്ടി പി നൾ എന്ന അപൂർവ രക്തം ലഭിക്കാൻ ലോകവ്യാപകമായ തിരച്ചിൽ നടന്നിരുന്നു. ഏറെ തിരച്ചിലിനൊടുവിലാണ് അത്യപൂർവ ​ഗ്രൂപ്പായ പി നൾ ഫെനോടൈപ്പുകാരിയായ അനുഷ്കയ്ക്ക് രക്തം ലഭിച്ചത്. രക്തം കിട്ടിയാൽ ഉടൻ ശസ്ത്രക്രിയ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് അത് മാറ്റുകയായിരുന്നു.

നിലവിൽ കുഞ്ഞിന്റെ ശരീരത്തിലെ ഹീമോ​ഗ്ലോബിന്റെ അളവ് വളരെ കുറവാണ്. 12​ഗ്രാംസ് പെർ ഡെസി ലിറ്റർ വേണ്ട സ്ഥാനത്ത് രണ്ട് മാത്രമാണ് ഉള്ളത്. കുട്ടിയായതിനാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ സ്വാഭാവികമായി ഇതിന്റെ തോത് ഉയരും എന്നാണ് വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ അടുത്ത ശസ്ത്രക്രിയയുടെ അപകട സാധ്യത കുറയും. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന രക്തം സൂക്ഷിക്കാവുന്ന പരമാവധി കാലാവധി കഴിയുന്നതിന് മുൻപ് ഹീമോ​ഗ്ലോബിന്റെ അളവ് ഉയരാതെ വന്നാൽ രക്തം അനുഷ്കയ്ക്ക് നൽകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ശസ്ത്രക്രിയയ്ക്കായി വീണ്ടും രക്തം കണ്ടെത്തണം. വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com