കാലാവസ്ഥ വ്യതിയാനം തത്സമയം അറിയാം; സംസ്ഥാനത്ത് 15 ആട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേര്‍ന്ന് കേരളത്തില്‍ സ്ഥാപിക്കുന്ന ആട്ടോമാറ്റിക് കാലാവസ്ഥ മാപിനികളുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു
കാലാവസ്ഥ വ്യതിയാനം തത്സമയം അറിയാം; സംസ്ഥാനത്ത് 15 ആട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചു

കൊച്ചി: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേര്‍ന്ന് കേരളത്തില്‍ സ്ഥാപിക്കുന്ന ആട്ടോമാറ്റിക് കാലാവസ്ഥ മാപിനികളുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. മഴയുടെ അളവ്, കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ ആര്‍ദ്രത, താപനില തുടങ്ങിയ ദിനാന്തരീക്ഷ വിവരങ്ങള്‍ തത്സമയം ലഭ്യമാകും എന്നതാണ് ആട്ടോമാറ്റിക് കാലാവസ്ഥ മാപിനികള്‍ സ്ഥാപിക്കുന്നത് വഴിയുള്ള നേട്ടം.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം തത്സമയ വിവരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നത് കൊണ്ട് തന്നെ കേരളം 2018 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും കേന്ദ്ര കാലാവസ്ഥ വകുപ്പിനോടും പ്രസ്തുത ആവശ്യമുന്നയിച്ചിരുന്നു. കേരളത്തിന്റെ നിരന്തരാവശ്യം പരിഗണിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി അനുവദിച്ച 100 AWS കളില്‍ ആദ്യത്തെ 15എണ്ണമാണ് സ്ഥാപിച്ചത്. ഇതിനായി ഫീല്‍ഡ് സര്‍വേ നടത്തി കണ്ടെത്തിയ 10*10 മീറ്റര്‍ ചുറ്റവിലുള്ള സ്ഥലം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുയോജ്യമായ രീതിയില്‍ സജ്ജമാക്കി നല്‍കി. ഇത്തരത്തില്‍ 138 സ്ഥലങ്ങളാണ് 10*10 മീറ്റര്‍ ചുറ്റളവില്‍ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്താകെ കണ്ടെത്തി നല്‍കിയിട്ടുള്ളത്. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാദ്ധ്യതകള്‍, നിലവില്‍ വിവരങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങള്‍, അണക്കെട്ടുകള്‍, കെസഎസഇബി, ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ തുടങ്ങിയവ പരിഗണിച്ചു കൊണ്ടാണ് ദുരന്ത നിവാരണ അതോറിറ്റി സ്ഥലങ്ങള്‍ കണ്ടെത്തിയത്.    

വെള്ളരിക്കുണ്ട് (കാസര്‍കോട്), ഇരിക്കൂര്‍ (കണ്ണൂര്‍), കക്കയം (കോഴിക്കോട്), പടിഞ്ഞാറത്തറ ഡാം (വയനാട്), പറവണ്ണ ടിഎംജി കോളജ് (മലപ്പുറം), വെള്ളിനേഴി (പാലക്കാട്), ചാലക്കുടി, പെരിങ്ങല്‍ക്കുത്ത് (തൃശൂര്‍), പറവൂര്‍ (എറണാകുളം), പീരുമേട് (ഇടുക്കി), പൂഞ്ഞാര്‍ എഞ്ചിനിയറിങ് കോളജ് (കോട്ടയം), കഞ്ഞിക്കുഴി (ആലപ്പുഴ), സീതത്തോട് (പത്തനംതിട്ട), വെസ്റ്റ് കല്ലട (കൊല്ലം), നെയ്യാറ്റിന്‍കര (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ മാപിനികള്‍ സ്ഥാപിച്ചിട്ടുള്ളത്.

2020 ഡിസംബറിന് മുന്നെയായി ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയിട്ടുള്ള ശേഷിക്കുന്ന 85 സ്ഥലങ്ങളിലും   അണട സ്ഥാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com