കൈമലര്‍ത്തി മാനേജര്‍മാര്‍; കെഎസ്എഫ്ഇ  ടെലിവിഷന്‍ വായ്പക്കെത്തിയവര്‍ക്ക് നിരാശയോടെ മടക്കം

വിദ്യാസഹായി പദ്ധതി പ്രകാരം കെഎസ്എഫ്ഇ സഹായം പ്രഖ്യാപിച്ചിട്ടും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ വാങ്ങാനാവാതെ അയല്‍പ്പക്കവിദ്യാകേന്ദ്രങ്ങള്‍
കൈമലര്‍ത്തി മാനേജര്‍മാര്‍; കെഎസ്എഫ്ഇ  ടെലിവിഷന്‍ വായ്പക്കെത്തിയവര്‍ക്ക് നിരാശയോടെ മടക്കം

കോഴിക്കോട്: വിദ്യാസഹായി പദ്ധതി പ്രകാരം കെഎസ്എഫ്ഇ സഹായം പ്രഖ്യാപിച്ചിട്ടും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ വാങ്ങാനാവാതെ അയല്‍പ്പക്കവിദ്യാകേന്ദ്രങ്ങള്‍. അയല്‍പക്ക വിദ്യാകേന്ദ്രങ്ങളിലേക്ക്  ടിവി വാങ്ങാന്‍  വിലയുടെ 75 ശതമാനത്തില്‍ പരമാവധി പതിനായിരം രൂപ നല്‍കുമെന്നറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് കെഎസ്എഫഇയുടെ ബ്രാഞ്ചുകളില്‍ എത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ബ്രാഞ്ച് മാനേജര്‍മാര്‍ പറയുന്നത്.

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് കെഎസ്എഫ്ഇ സൗകര്യമൊരുക്കുമെന്ന് കഴിഞ്ഞദിവസം ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അയല്‍പക്ക വിദ്യാകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ക്ലബ്, അങ്കണവാടി, വായനശാല തുടങ്ങിയവയ്ക്ക് ടിവി വാങ്ങുന്നതിന് സഹായം നല്‍കുന്ന ഓണ്‍ലൈന്‍ വിദ്യാ സഹായി പദ്ധതിയും  കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് മൈക്രോ ചിട്ടി പദ്ധതിയുമാണ് തയ്യാറായിട്ടുള്ളത്.  പദ്ധതിയിലൂടെ  രണ്ട് ലക്ഷം ലാപ്‌ടോപും 30,000 ടി വിയും വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ അറിയിച്ചിരുന്നു  

അയല്‍പക്ക വിദ്യാകേന്ദ്രങ്ങളിലേക്ക്  ടി വി വാങ്ങാന്‍  വിലയുടെ 75 ശതമാനത്തില്‍ പരമാവധി പതിനായിരം രൂപ നല്‍കും. ബാക്കി 25 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സ്‌പോണ്‍സര്‍മാരോ  വഹിക്കും.   ടിവി വച്ചശേഷം തദ്ദേശസ്ഥാപനങ്ങളുടെ ശുപാര്‍ശ പ്രകാരം ബില്ല് കെഎസ്എഫ്ഇയില്‍ ഹാജരാക്കിയാല്‍ തുക ഒരു ദിവസത്തിനുള്ളില്‍ നല്‍കും. കെഎസ്എഫ്ഇ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത 36 കോടി രൂപ  പദ്ധതിക്കായി വിനിയോഗിക്കുമെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com