അഞ്ജുവിന്റെ മരണത്തില്‍ കോളജിന് വീഴ്ചയെന്ന് അന്വേഷണസമിതി ; പ്രിന്‍സിപ്പലിനെ പരീക്ഷാചുമതലയില്‍ നിന്നും മാറ്റി

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതായിരുന്നു. കോളജിന്റെ ബാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണ്
അഞ്ജുവിന്റെ മരണത്തില്‍ കോളജിന് വീഴ്ചയെന്ന് അന്വേഷണസമിതി ; പ്രിന്‍സിപ്പലിനെ പരീക്ഷാചുമതലയില്‍ നിന്നും മാറ്റി

കോട്ടയം : കോപ്പിയടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അഞ്ജു പി ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിന് പിഴവുണ്ടായി എന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍. കോളജ് പ്രിന്‍സിപ്പലിനെ ചീഫ് എക്‌സാമിനര്‍ പദവിയില്‍ നിന്നും മാറ്റി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സര്‍വകലാശാലയുടെ അനുമതി ഇല്ലാതെയാണെന്നും വൈസ് ചാന്‍സലര്‍ സാബു തോമസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതായിരുന്നു. കോളജിന്റെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണ്. കോപ്പിയടിച്ച് പിടിച്ചാല്‍ ഉടന്‍ തന്നെ കുട്ടിയെ പരീക്ഷാ ഹാളില്‍ നിന്നും ഓഫീസിലേക്ക് മാറ്റണം. പകരം കോളജ് അധികൃതര്‍ അരമണിക്കൂറിലേറെ കുട്ടിയെ പരീക്ഷാ ഹാളില്‍ പിടിച്ചിരുത്തി. ഇത് കുട്ടിക്ക് ഏറെ മാനസ്സിക സമ്മര്‍ദ്ദമുണ്ടാക്കിയിരിക്കാം.

ഇത് കോളജിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നത്. സര്‍വകലാശാല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചു. കോളജിനെതിരെ നടപടി അടക്കമുള്ള വിഷയങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍വകലാശാല സിന്‍ഡിക്കേറ്റ് കൂടിയാലോചിച്ച് തീരുമാനമെടുക്കും.

ഇനി ഭാവിയില്‍ ഇത്തരം സംഭവം ഉണ്ടാകരുത്. ഇത്തരം നടപടി ഉണ്ടായാല്‍ കുട്ടിക്ക് കൗണ്‍സിലിങ് അടക്കമുള്ളവ നല്‍കണം. ഹാള്‍ടിക്കറ്റ് ആണ് ഇതിലെ തൊണ്ടിമുതല്‍. ഇത് ലഭിച്ചുകഴിഞ്ഞാലേ, ഹാള്‍ടിക്കറ്റിലെ പകര്‍ത്തിയെഴുത്തിയത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാകൂ. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും സര്‍വകലാശാല അന്വേഷണസമിതി അംഗമായ പ്രൊഫ. അജി സി പണിക്കര്‍ പറഞ്ഞു. പരീക്ഷാനടത്തിപ്പില്‍ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലാണെന്നും പ്രൊഫ. അജി സി പണിക്കര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com