തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ല; സ്വതന്ത്രമായി നില്‍ക്കും: ജോസ് കെ മാണി

മുന്നണി ബന്ധം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കാനും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ധാരണയായി
തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ല; സ്വതന്ത്രമായി നില്‍ക്കും: ജോസ് കെ മാണി

കോട്ടയം: ഒരു മുന്നണിയുമായും ബന്ധമില്ലാതെ തല്‍ക്കാലം സ്വതന്ത്രമായി നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം നേതൃയോഗത്തില്‍ തീരുമാനം. മുന്നണി ബന്ധം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കാനും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ധാരണയായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുഡിഎഫില്‍നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് അടിയന്തരമായി സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നത്.

സ്ഥാപക നേതാവായ കെഎം മാണിയെ മറന്നുള്ള തീരുമാനമാണ് യുഡിഎഫ് നേതൃത്വത്തിന്റേതെന്ന് യോഗതീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ജോസ് കെ മാണി പറഞ്ഞു. സ്ഥാപക പാര്‍ട്ടിയെയാണ് യുഡിഎഫ് പുറത്താക്കിയത്. 38 വര്‍ഷം യുഡിഎഫിന്റെ ശക്തിസ്രോതസ്സായിരുന്നു കെഎം മാണി. തദ്ദേശ സ്ഥാപനത്തിലെ പദവിക്കായി ആ ഹൃദയ ബന്ധമാണ് യുഡിഎഫ് മുറിച്ചുമാറ്റിയത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവാന്‍ മുന്നണി നേതൃത്വത്തിനായില്ലെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി.

പിജെ ജോസഫിന് രാഷ്ടീയാഭയം നല്‍കുകയാണ് കെഎം മാണി ചെയ്തത്. എന്നാല്‍ മാണിയുടെ മരണ ശേഷം ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എമ്മിനെ ജെ ആക്കാന്‍ ജോസഫ് ശ്രമിച്ചു. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനാണ് ജോസഫ് ലോക്‌സഭാ സീറ്റ് ചോദിച്ചത്. പിന്നെ ചിഹ്നം കൈക്കലാക്കാന്‍ ശ്രമിച്ചു. പാലായിലെ വീട് മ്യൂസിയമാക്കാന്‍ വരെ ശ്രമമുണ്ടായി- ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം  നിന്നതിന് തന്നെ ധിക്കാരിയും  മോശക്കാരനുമായി ചിത്രീകരിക്കുകയായിരുന്നെന്ന് ജോസ് പറഞ്ഞു.

കര്‍ഷക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടി കൂടുതല്‍ ശക്തിയായി മുന്നോട്ടുപോവും. തകര്‍ക്കാനുള്ള പല ശ്രമങ്ങളെ അതിജീവിച്ച പാര്‍ട്ടിയാണ് ഇത്. കേരള കോണ്‍ഗ്രസ് വഴിയാധാരമാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com