മാര്‍ച്ചും 'ഉരുകും', മുന്നറിയിപ്പ് ; 'എല്‍നിനോ' ഉണ്ടായേക്കില്ല ;മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത  

ഈ മാസവും ചൂട് ശരാശരിയില്‍ കൂടി നില്‍ക്കുമെന്നാണ് മൂന്ന് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പ്രവചിക്കുന്നത്
മാര്‍ച്ചും 'ഉരുകും', മുന്നറിയിപ്പ് ; 'എല്‍നിനോ' ഉണ്ടായേക്കില്ല ;മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത  

ആലപ്പുഴ : മാര്‍ച്ച് മാസത്തിലും കേരളത്തില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ ഗവേഷകര്‍. സംസ്ഥാനത്ത് പലയിടത്തും ചൂടിന് നേരിയ ശമനമുണ്ടാകും. എങ്കിലും ഈ മാസവും ചൂട് ശരാശരിയില്‍ കൂടി നില്‍ക്കുമെന്നാണ് മൂന്ന് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പ്രവചിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, ദക്ഷിണകൊറിയയിലെ ഏഷ്യ പസിഫിക് ക്ലൈമറ്റ് സെന്റര്‍, അമേരിക്കയിലുള്ള ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍ (സിപിസി) എന്നിവരാണ് മാര്‍ച്ചും ചൂടേറിയതാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

അതേ സമയം കേരളത്തിലെ ഒറ്റപ്പെട്ട മഴ അടുത്ത മൂന്നു ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 28ന് കൂടുതല്‍ മഴ ലഭിച്ചത് ആലപ്പുഴയിലായിരുന്നു. കൂടിയ ചൂട് കോട്ടയത്തും. എന്നാല്‍ ഇന്നു മുതല്‍ പെയ്യുന്ന മഴയേ വേനല്‍മഴയുടെ ഗണത്തില്‍ പെടുത്തൂ. ദക്ഷിണ കര്‍ണാടകയിലും കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയും ഇടിമിന്നലും ഉണ്ടാവും. 

മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ വളരെ നേരിയ അളവിലുള്ള മഴ (0.1 - 2.4 മി.മീ) ലഭിക്കാന്‍ ഇടയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തര കേരളത്തിലും മഴ ലഭിക്കാന്‍ ഇടയുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍  മഴ പെയ്യുമെന്നാണ് പ്രവചനം. 

കടലിന്റെ ഉപരിതലത്തില്‍ താപവര്‍ധന ഉണ്ടാകുന്ന എല്‍നിനോ പ്രതിഭാസത്തിന് സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അന്തരീക്ഷ ഈര്‍പ്പവും ഏറെക്കുറെ സാധാരണ നിലയിലാണ്. മാര്‍ച്ച് ആദ്യം പെയ്യുന്ന മഴ പിന്നീട് ലഭിക്കില്ലെങ്കിലും വേനലിന്റെ രണ്ടാം പാദത്തില്‍ നല്ല മഴ ലഭിക്കാന്‍ ഇടയുണ്ട്. ഏപ്രില്‍ അവസാനത്തോടെയാകും മഴയെത്തുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com