'അയ്യോ അച്ഛാ പോകല്ലേ', എന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള മോദി ഗിമ്മിക്ക്; പരിഹാസവുമായി എംബി രാജേഷ്

നോട്ടുനിരോധനം പോലെ ഒരു നിശാനാടകം മാത്രമായിട്ടാണ് ഇതിനെ കാണുന്നതെന്ന് രാജേഷ്
'അയ്യോ അച്ഛാ പോകല്ലേ', എന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള മോദി ഗിമ്മിക്ക്; പരിഹാസവുമായി എംബി രാജേഷ്

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് നേതാക്കള്‍. അയ്യോ അച്ഛാ പോകല്ലേ എന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള തന്ത്രമാണെന്ന് സിപിഎം നേതാവ് എംബി രാജേഷ് പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് മോദി പറയുമ്പോള്‍ അനുയായികള്‍ കൂട്ടത്തോടെ കരയും. അത് മോദിയുടെ ഗിമ്മിക്കാണെന്നും രാജേഷ് പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിച്ചതിന്റെ ആത്മാര്‍ത്ഥമായ കുറ്റബോധമാണെങ്കില്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനുള്ള മോദിയുടെ തീരമാനം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടും. അങ്ങനെയാണെങ്കില്‍ അതുമാത്രം പോരാ, അധികാരം കൂടി ഉപേക്ഷിക്കണം. നോട്ടുനിരോധനം പോലെ ഒരു നിശാനാടകം മാത്രമായിട്ടാണ് ഇതിനെ കാണുന്നതെന്ന് രാജേഷ് പറഞ്ഞു. 

മോദിയുടെ അപ്രതീക്ഷിത ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളല്ല, വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ ഞായറാഴ്ച മാത്രം സമൂഹമാധ്യമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുമെന്നാണ് മോദി സൂചിപ്പിച്ചതെന്നും വിലയിരുത്തലുകള്‍ ഉണ്ട്. 

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലാണ് മോദിക്ക് അക്കൗണ്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാളാണ് നരേന്ദ്ര മോദി.ഫെയ്‌സ്ബുക്കില്‍ നാലരക്കോടി ആളുകളാണ് മോദിയെ പിന്തുടരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ നേതാവും. ഡോണള്‍ഡ് ട്രംപ്, ബറാക് ഒബാമ എന്നിവരാണ് മോദിക്കു മുന്നിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com