രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടു, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, മാപ്പു പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ്; വിലക്കു നീക്കിയത് സ്വമേധയാ എന്ന് മീഡിയാ വണ്‍ 

രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടു, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, മാപ്പു പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ്; വിലക്കു നീക്കിയത് സ്വമേധയാ എന്ന് മീഡിയാ വണ്‍ 
രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടു, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, മാപ്പു പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ്; വിലക്കു നീക്കിയത് സ്വമേധയാ എന്ന് മീഡിയാ വണ്‍ 

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍. വിലക്കു നീക്കാന്‍ ചാനല്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് എംജി രാധാകൃഷ്ണന്‍ പറഞ്ഞു. വിലക്കു നീക്കാന്‍ ആരെയും ബന്ധപ്പെട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ ആണ് നടപടിയെന്നും മീഡിയാ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പറഞ്ഞു. 

ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്താന്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടെന്ന് രാധാകൃഷ്ണന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അവര്‍ അതില്‍ വിജയിച്ചെന്നാണ് കരുതുന്നത്. രാത്രിയായതില്‍ വ്യവസ്ഥ പ്രകാരം അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നില്ല. ബന്ധപ്പെട്ട ആളുകളോട് സംസാരിക്കുകയായിരുന്നു. ചാനല്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടില്ല. കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ് വസ്തുതാപരമായിരുന്നെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

വിലക്കു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ആരുമായും ബന്ധപ്പെട്ടില്ലെന്ന് സിഎല്‍ തോമസ് പറഞ്ഞു. കേന്ദ്രം സ്വമേധയാ ആണ് വിലക്കു നീക്കിയത്. നിയമ നടപടിക്ക് നീക്കം നടത്തുന്നതിനിടെയാണ് വിലക്കു നീക്കിക്കൊണ്ടുള്ള അറിയിപ്പു ലഭിച്ചത്. അതുകൊണ്ട് നടപടികള്‍ വേണ്ടെന്നുവച്ചു. വിലക്കു സ്വമേധയാ നീക്കിയതില്‍ സന്തോഷമുണ്ടെന്ന് തോമസ് പറഞ്ഞു.

ഡല്‍ഹി കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ ഇന്നലെ വൈകിട്ടാണ് രണ്ടു ചാനലുകള്‍ക്കും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. നാല്‍പ്പത്തിയെട്ടു മണിക്കൂറാണ് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ ഒന്നരയ്ക്കും മീഡിയാ വണിന്റേത് രാവിലെ ഒന്‍പതരയ്ക്കും നീക്കി. 

ചാനലുകളെ വിലക്കിയതായി അറഞ്ഞയുടന്‍ പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പൂനെയില്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ ഉത്കണ്ഠ അറിയിച്ചതായി ജാവഡേക്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com