സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ പ്രസവാവധി; തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കി

ആറ് മാസത്തെ ശമ്പളത്തോട് കൂടിയാണ് അവധി ലഭിക്കുക
സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ പ്രസവാവധി; തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം ലഭിക്കും. ആറ് മാസത്തെ ശമ്പളത്തോട് കൂടിയാണ് അവധി ലഭിക്കുക. ഇത് സംബന്ധിച്ച തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കി. 

അണ്‍ എയ്ഡഡ് വിദ്യഭ്യാസ മേഖലയിലെ അധ്യാപകര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.


തൊഴില്‍ മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അന്തിമ വിജ്ഞാപനമായി.. ഇതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം തേടിയതും.
നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി.....

മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.....കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 3500 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും......

അണ്‍ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് വിദ്യഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെയാണ് ജീവനക്കാര്‍ക്ക് ഇരട്ടി മധുരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com