കേരളത്തില്‍ വീണ്ടും കൊറോണ ; പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു

ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയശേഷം നാട്ടില്‍ തിരിച്ചെത്തിയ മൂന്നുപേര്‍ക്കാണ് രോഗം കണ്ടെത്തിയത്
കേരളത്തില്‍ വീണ്ടും കൊറോണ ; പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയശേഷം നാട്ടില്‍ തിരിച്ചെത്തിയ മൂന്നുപേര്‍ക്കാണ് രോഗം കണ്ടെത്തിയത്. റാന്നി ഐത്തല സ്വദേശികളായ അച്ഛനും അമ്മയും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയവര്‍ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. 

ഇറ്റലി സന്ദര്‍ശനം കുടുംബം അധികൃതരെ അറിയിക്കാതെ മറച്ചുവെക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ക്ക് പനി അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ സംശയം തോന്നി ഇവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കുകയും, ഐസോലേഷനിലേക്ക് മാറ്റുകയുമായിരുന്നു. 

ഫെബ്രുവരി 29-നാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂ ആര്‍ 126 നമ്പര്‍ (വെനീസ് ടു ദോഹ) വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തി. അടുത്ത വിമാനത്തിനായി ഒന്നര മണിക്കൂര്‍ ഇവര്‍ ദോഹയില്‍ കാത്തിരുന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ തന്നെ ക്യൂആര്‍ 514 നമ്പര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യകാറില്‍ വീട്ടിലേക്ക് പോയി. 

ഈ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുടുംബം സഞ്ചരിച്ച കാറിനെയും കണ്ടെത്തിയിട്ടുണ്ട്. ഇറ്റലി അടക്കം കൊറോണ രൂക്ഷമായി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ പോയിട്ട് മടങ്ങിവരുന്നവര്‍ ഉറപ്പായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇല്ലെങ്കില്‍ കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്ന് മന്ത്രി ശൈലജ പറഞ്ഞു. 

ആറ്റുകാല്‍ പൊങ്കാല നാളെ നടക്കാനിരിക്കുകയാണ്. വളരെയധികം ഒരുക്കങ്ങളാണ് പൊങ്കാലയ്ക്കായി നടത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ജലദോഷം, പനി, ചുമ അടക്കമുള്ള എന്തെങ്കിലും ശാരീര അസ്വസ്ഥതകള്‍ ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവരുടെ ദൃശ്യങ്ങള്‍ അടക്കം വീഡിയോയില്‍ പകര്‍ത്തും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ശൈലജ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com