പിഞ്ചുകുഞ്ഞിന്റെ മൃതദേഹമെന്ന് സംശയം; ഖബറില്‍ നിന്ന് പുറത്തെടുത്തത് വെള്ള തുണിയില്‍ പൊതിഞ്ഞ വെള്ളരിക്ക

കബറില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരില്‍ ഒരാളാണ് കബറിലെ മണ്ണിളകിയ ഇടത്ത് തുണിയില്‍ പൊതിഞ്ഞ്, ദുര്‍ഗന്ധത്തോടെ കിടക്കുന്നന്ന വസ്തു ആദ്യം കണ്ടത്
പിഞ്ചുകുഞ്ഞിന്റെ മൃതദേഹമെന്ന് സംശയം; ഖബറില്‍ നിന്ന് പുറത്തെടുത്തത് വെള്ള തുണിയില്‍ പൊതിഞ്ഞ വെള്ളരിക്ക

കോതമംഗലം: പള്ളി കബര്‍സ്ഥാനിന് അടുത്ത് കാണപ്പെട്ടത് പിഞ്ചു കുഞ്ഞിന്റെ മൃതശരീരമല്ലെന്ന് കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്തിലെ കുരുവിനാംപാറ മുഹയുദ്ദീന്‍ ജുമാ മസ്ജിദിലെ കബര്‍സ്ഥാനിലാണ് ആശങ്കയുണര്‍ത്തിയ സംഭവം.

ശനിയാഴ്ച കബറില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരില്‍ ഒരാളാണ് കബറിലെ മണ്ണിളകിയ ഇടത്ത് തുണിയില്‍ പൊതിഞ്ഞ്, ദുര്‍ഗന്ധത്തോടെ കിടക്കുന്നന്ന വസ്തു ആദ്യം കണ്ടത്. വിവരമറിഞ്ഞ് പൊലീസ് ഞായറാഴ്ച പരിശോധനക്കെത്തി. വന്‍ സന്നാഹത്തോടെ എത്തിയ പൊലീസ് അരയടി താഴ്ചയില്‍ മണ്ണ് നീക്കി പരിശോധിച്ചു.

വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടന്നിരുന്നത് അഴുകിയ വെള്ളരിക്കയുടെ അവശിഷ്ടം. ഒന്നിന് പുറമെ മൂന്ന് വെള്ളത്തുണികളിലായും, മുകളിലും നടുക്കും, താേേഴക്കുമായി മൃതദേഹത്തില്‍ കെട്ടുന്നത് പോലെ തുണിയില്‍ മൂന്ന് കെട്ടുമായുമാണ് ഇത് കുഴിച്ചിട്ടിരുന്നത്.

കുഴിച്ചിട്ട വെള്ളരിക്കയില്‍ എന്തോ എഴുതിയിട്ടിട്ടുമുണ്ട്. ഇതിലെഴുതിയിരിക്കുന്ന ചിഹ്നവും നക്ഷത്രവും അറബി വാക്കുകളാണെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. അന്ധവിശ്വാസികളിലാരോ ഒപ്പിച്ച പണിയാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസ്.

കുഞ്ഞിന്റെ മൃതദേഹം എന്ന നിലയില്‍ ആദ്യം സംശയം വന്നതോടെ വാര്‍ഡിലെ ഗര്‍ഭിണികളുടെ കണക്കെടുക്കാന്‍ വരെ പൊലീസ് ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ച രാത്രി കബര്‍സ്ഥാനില്‍ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. ആര്‍.ഡി.ഒ, ആര്‍. രേണു, തഹസില്‍ദാര്‍ റേച്ചല്‍ കെ. വര്‍ഗീസ്, വില്ലേജ് ഓഫീസര്‍ ടി.എ. നസീറ, ഫൊറന്‍സിക് വിദഗ്ധ അനു ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com