ശബരിമല നട നാളെ തുറക്കും; ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം 

വിശേഷാൽ വഴിപാടായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കി
ശബരിമല നട നാളെ തുറക്കും; ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം 

പത്തനംതിട്ട: മീന മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. കൊറോണ രാജ്യവ്യാപകമായി പടരുന്ന ഈ സാഹചര്യത്തില്‍ വിശേഷാൽ വഴിപാടായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കി. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി നാളെ വൈകിട്ട് അഞ്ച് മണിക്ക് നട തുറന്ന് ദീപങ്ങൾ തെളിക്കും. 14 മുതൽ 18 വരെ പൂജകൾ ഉണ്ടാകും. 18ന് രാത്രി 10ന് ക്ഷേത്രം അടയ്ക്കും. ഇപ്രാവശ്യം നെയ്യഭിഷേകം, മഹാഗണപതി ഹോമം, ഉഷപൂജ, ദീപാരാധന, ഉച്ചപൂജ, അത്താഴപൂജ എന്നിവ മാത്രമേ ഉണ്ടാകൂവെന്ന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപ്പം അരവണ കൗണ്ടറുകള്‍ തുറക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞത്. 

അയ്യപ്പ ദര്‍ശനത്തിന് സംസ്ഥാനത്ത് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നിരവധി ഭക്തന്മാര്‍ ശബരിമലയില്‍ എത്തുന്നതാണ് പതിവ്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ മാസപൂജയ്ക്കായി ശബരിമലയില്‍ എത്തരുതെന്ന് കെ വാസു അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന ചെവിക്കൊളളണം. ശബരിമല ദര്‍ശനം മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിവെയ്ക്കണമെന്നും എന്‍ വാസു അഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com