കൊവിഡ് : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി ; എതിര്‍ത്ത് പ്രതിപക്ഷം ; മന്ത്രി ശൈലജയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്

കൊവിഡ് : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി ; എതിര്‍ത്ത് പ്രതിപക്ഷം ; മന്ത്രി ശൈലജയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്

ധനകാര്യബില്‍ ചര്‍ച്ചയോടെയേ പാസാക്കാവൂ എന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയില്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. കാര്യോപദേശക സമിതിയാണ് തീരുമാനം എടുത്തത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളിയാണ് സഭാ നടപടികള്‍ വെട്ടിചുരുക്കിയത്.  ഇതോടെ ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്ന് അവസാനിക്കും. 

ധനാഭ്യര്‍ത്ഥനകള്‍ ഒരുമിച്ച് പാസ്സാക്കാനാണ് തീരുമാനം. എന്നാല്‍ സഭാനടപടികള്‍ വെട്ടിചുരുക്കുന്നതില്‍ പ്രതിപക്ഷം ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചു. സഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ വാദം. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നടപടിയില്‍ സഭയിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 

കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് കൊവിഡ് ജാഗ്രതയില്‍ നില്‍ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു.  എന്നാല്‍ രാജ്യസഭയും ലോക്‌സഭയും തുടരുന്നുണ്ട്, വിവിധ നിയമസഭകള്‍ ചേരുന്നുണ്ട്. അതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്നായിരുന്നു പ്രതിപക്ഷം നിലപാടെടുത്തത്.  

വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയില്‍ വിശദമായ ചര്‍ച്ച നടക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ അവസാനത്തേതാണ് ഇത്തരമൊരു ചര്‍ച്ച. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് എന്ന ആക്ഷേപമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. 

ധനകാര്യബില്‍ ചര്‍ച്ചയോടെയേ പാസാക്കാവൂ എന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയില്‍ ആവശ്യപ്പെട്ടു. ധനകാര്യബില്‍ പാസാക്കാതെ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രം സഭയില്‍ വച്ച് നാല് മാസത്തിനകം പാസാക്കാം എന്ന നിയലിയായിരിക്കും സഭ പിരിയുക എന്നാണ് വ്യക്തമാകുന്നത്. അതിനിടെ പ്രതിപക്ഷം ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ പി ടി തോമസാണ് നോട്ടീസ് നല്‍കിയത്. കേന്ദ്രത്തിന്റെ അറിയിപ്പ് സംബന്ധിച്ച് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com