'ആരോഗ്യ മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചില്ല, ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ വിപത്ത്'; ഐഎംഎ 

ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ കഴിച്ച് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രിയുടെ ആഹ്വാനത്തിനെതിരെ ഐഎംഎ കേരള ഘടകം
'ആരോഗ്യ മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചില്ല, ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ വിപത്ത്'; ഐഎംഎ 

തിരുവനന്തപുരം: ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ കഴിച്ച് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രിയുടെ ആഹ്വാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്‌നത്തിന്റെ നട്ടെല്ലോടിക്കാനെ ഇത് ഉപകരിക്കുകയുളളൂവെന്ന് ഐഎംഎ കേരള ഘടകം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

കമ്മ്യൂണിറ്റി സ്‌പ്രെഡ് എന്ന മാരകമായ മൂന്നാം ഘട്ടം തരണം ചെയ്യാനുള്ള തീവ്ര യത്‌നത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന പ്രസ്താവന, ഇന്നു വരെ മുന്‍പന്തിയില്‍ നിന്ന് ഈ യുദ്ധത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചില്ല. ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പറയുമ്പോള്‍ അത്തരം കേട്ടു കേള്‍വികളുടെ ആകര്‍ഷണ വലയത്തില്‍ ഉള്ള ഒരു വിഭാഗം കൊറോണ പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വഴി മാറിപ്പോകുമെന്ന് ഐഎംഎ ആശങ്കപ്പെടുന്നു.

സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ മാത്രമേ പ്രതിരോധത്തിനായാലും ചികിത്സക്കായാലും ഉപയോഗിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ മാത്രം പിന്‍ തുടരാന്‍ രോഗമുള്ളവരും ഇല്ലാത്തവരും ഒരുപോലെ തയ്യാറായില്ലെങ്കില്‍, അതിന് മാത്രം ഇന്നാട്ടിലെ ജനതയെ പ്രേരിപ്പിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു നേതൃത്വം ഉണ്ടായില്ലെങ്കില്‍, വരാനിരിക്കുന്ന വിപത്ത് നമ്മെ എല്ലാം വിഴുങ്ങുമെന്നും ഐഎംഎ കേരള ഘടകം മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com