അവാര്‍ഡിന് കമലിന്റെ മകന്റെ സിനിമയും ; എതിര്‍ത്ത് മഹേഷ് പഞ്ചു ; ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ പുറത്താക്കി സര്‍ക്കാര്‍

മഹേഷ് പഞ്ചുവിന് പകരം ഗാനരചയിതാവ് അജോയ് ചന്ദ്രനെ പുതിയ അക്കാദമി സെക്രട്ടറിയായി മന്ത്രി നിയമിക്കുകയും ചെയ്തു
അവാര്‍ഡിന് കമലിന്റെ മകന്റെ സിനിമയും ; എതിര്‍ത്ത് മഹേഷ് പഞ്ചു ; ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ പുറത്താക്കി സര്‍ക്കാര്‍

തിരുവനന്തപുരം : കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ പുറത്താക്കി. അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് നടപടി. മഹേഷ് പഞ്ചുവിനെ പുറത്താക്കാനുള്ള തീരുമാനം സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ അംഗീകരിച്ചു. മഹേഷ് പഞ്ചുവിന് പകരം ഗാനരചയിതാവ് അജോയ് ചന്ദ്രനെ പുതിയ അക്കാദമി സെക്രട്ടറിയായി മന്ത്രി നിയമിക്കുകയും ചെയ്തു. 

അക്കാദമി ചെയര്‍മാന്‍ കമലിന്റെ മകന്‍ ജുനൂസ് മുഹമ്മദിന്റെ സിനിമ ചലച്ചിത്ര അവാര്‍ഡിനായി പരിഗണിച്ചതിനെച്ചൊല്ലിയാണ് കമലും മഹേഷ് പഞ്ചുവും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നത്. മുമ്പേ അക്കാദമി ഭരണവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു. അവാര്‍ഡിനായി ജൂറി ജുനൂസ് മുഹമ്മദിന്റെ സിനിമയും സെലക്ട്് ചെയ്തിരുന്നു. 

ഈ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കാന്‍ കമല്‍ ആവശ്യപ്പെട്ടു. എന്നാല്‍ അക്കാദമി ചെയര്‍മാന്റെ മകന്റെ സിനിമയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെ മഹേഷ് പഞ്ചു എതിര്‍ത്തു. ഇത് സ്വജനപക്ഷപാതമാകുമെന്നായിരുന്നു മഹേഷിന്റെ വാദം. ഇതേച്ചൊല്ലി കമലും മഹേഷും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നു. 

പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രി എ കെ ബാലന്‍, അക്കാദമി ചെയര്‍മാന്‍ കമലുമായി ഇടഞ്ഞ മഹേഷ് പഞ്ചുവിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കമലുമായും ബീനാപോളുമായും താന്‍ നേര്‍ക്കുനേര്‍ പോലും വരാറില്ലായിരുന്നു. അഭിപ്രായവ്യത്യാസം അറിയിച്ചത് അവര്‍ മന്ത്രിയെ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മഹേഷ് പഞ്ചു വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com