കൊറോണ: രോഗി മുങ്ങിയ സംഭവത്തില്‍ റിസോര്‍ട്ട് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യമന്ത്രി

റിസള്‍ട്ട് വന്നപ്പോള്‍ തന്നെ റിസോര്‍ട്ട് ഉടമയെ ബന്ധപ്പെട്ടിരുന്നു. നിരീക്ഷണത്തിനുള്ള സമയം കഴിയും വരെ ആരേയും പുറത്തുവിടരുതെന്ന് നിര്‍ദേശിച്ചിരുന്നതായും മന്ത്രി
കൊറോണ: രോഗി മുങ്ങിയ സംഭവത്തില്‍ റിസോര്‍ട്ട് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണ ബാധിച്ച വിദേശി രാജ്യം വിടാന്‍ ശ്രമിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെ വൈകുന്നേരമാണ് കൊറോണ പോസിറ്റീവ് ആണെന്ന പരിശോധനഫലം ലഭിച്ചത്. റിസള്‍ട്ട് വന്നപ്പോള്‍ തന്നെ റിസോര്‍ട്ട് ഉടമയെ ബന്ധപ്പെട്ടിരുന്നു. നിരീക്ഷണത്തിനുള്ള സമയം കഴിയും വരെ ആരേയും പുറത്തുവിടരുതെന്ന് നിര്‍ദേശിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടീ കൗണ്ടി റിസോര്‍ട്ടിലെ ബ്രിട്ടീഷ് പൗരന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇയാളോട് റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് പോസിറ്റീവ് ആണെന്ന ഫലം ലഭിച്ചത്. ഇത് റിസോര്‍ട്ട് ഉടമയെ അറിയിച്ചു. ഉടന്‍ തന്നെ ആംബുലന്‍സ് മൂന്നാറിലെ റിസോര്‍ട്ടിലേക്ക് പോയി. എന്നാല്‍ അപ്പോഴേക്കും വിദേശസംഘം റിസോര്‍ട്ടില്‍ നിന്നും പുറത്തുകടന്നു. രാത്രി പത്ത് മണിയോടെയാണ് സംഘം പുറത്തേക്ക് പോയത് എന്നാണ് വിവരം. 

ഉടന്‍തന്നെ വിവരം എല്ലായിടത്തേക്കും നല്‍കി. വിമാനത്തിനുള്ളില്‍ വെച്ചാണ് ഇയാളെ പിടിച്ചത്. ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ആശുപത്രിയിലെ ഐസോലേഷനിലേക്ക് മാറ്റി. ബാക്കിയുള്ള 17പേരെ നിരീക്ഷണത്തിലാക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്.  കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.  മന്ത്രി വിശദീകരിച്ചു. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശികളായാലും സ്വദേശികളായാലും ഉത്തരവാദിത്തമുള്ളവര്‍ ആയിരിക്കണം. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അവഗണിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടി എടുക്കുമെന്നും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com