അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

വര്‍ക്കലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:വര്‍ക്കലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ്. വൊങ്കാലയ്ക്ക് എത്തിയ വിദേശി മറ്റൊരാളാണെന്ന് പൊലീസ് കണ്ടെത്തി. ജനുവരി മാസത്തില്‍ രാജ്യത്ത് എത്തിയ മറ്റൊരു ഇറ്റാലിയന്‍ പൗരനാണ് ഇത്. ഇദ്ദേഹത്തെ നിരീക്ഷണത്തിന് വിധേയമാക്കി. പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞെന്നും പൊലീസ് അറിയിച്ചു. 

ഇറ്റാലിയന്‍ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വര്‍ക്കലയില്‍ സ്ഥിതി ഗൗരവമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം വിലയിരുത്തി. ഇറ്റാലിയന്‍ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് മുപ്പത് പേരുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഫലം നാളെ അറിയാമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ട്മാപ്പും സമ്പര്‍ക്കപ്പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത് . കഴിഞ്ഞ ദിവസമാണ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്ന് തന്നെയാണ് തലസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ വെളളനാട് സ്വദേശിക്കും ബ്രിട്ടണില്‍ നിന്ന് വന്നയാള്‍ക്കുമാണ് കൊറോണ കണ്ടെത്തിയത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ വര്‍ക്കലയില്‍ അടിയന്തര യോഗം ചേര്‍ന്നാണ് സ്ഥിതി വിലയിരുത്തിയത്. വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പ്രാദേശിക തലത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 10 പേരുള്ള ഒരു വാളണ്ടിയര്‍ സമിതി വാര്‍ഡ് തലത്തില്‍ രൂപീകരിച്ച് വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.

നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രവാസി അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയത് അടക്കം ചിലര്‍ അശ്രദ്ധമായി കാര്യങ്ങളെ കാണുന്നത് സാഹചര്യങ്ങളെ വഷളാക്കുകയാണെന്നും യോഗം വിലയിരുത്തി. കൊവിഡ് രോഗം വ്യാപനമുള്ള ഏഴ് രാജ്യങ്ങളില്‍പ്പെട്ടവര്‍ മടങ്ങി വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ വിമാനത്താവളങ്ങളില്‍ നിന്ന് വീടുകളിലെത്തിക്കുന്നതിന് നടപടി എടുക്കാനും അവലോകന യോഗത്തില്‍ തീരുമാനം ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com