കേരളം കണ്ട് പാടത്ത് കിടന്നുറങ്ങി; വിദേശി വയലില്‍ തളര്‍ന്ന് വീണെന്ന് പ്രചാരണം; ഫ്രഞ്ച് യുവാവ് ഐസലേഷനില്‍

യാത്രാക്ഷീണത്താല്‍ ഉറങ്ങിപ്പോയി. രാത്രി മുഴുവന്‍ നെല്‍പാടത്തു സുഖമായി ഉറങ്ങി
കേരളം കണ്ട് പാടത്ത് കിടന്നുറങ്ങി; വിദേശി വയലില്‍ തളര്‍ന്ന് വീണെന്ന് പ്രചാരണം; ഫ്രഞ്ച് യുവാവ് ഐസലേഷനില്‍

പാലക്കാട്:  നെല്‍പാടം കിടപ്പാടമാക്കിയ ഫ്രഞ്ചുകാരന്‍ യുവാന്‍ ജാക്വിസ് ഉണര്‍ന്നെഴുന്നേറ്റത് ആശങ്കയുടെ പകലിലേക്കായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ യുവാനു കോവിഡ് 19 എന്നല്ല ഒരസുഖവും ഇല്ലെന്നുള്ള പരിശോധനാ ഫലം പുറത്തുവന്നതോടെ എല്ലാവര്‍ക്കും സമാധാനമായി. അപ്പോഴും യുവാന്‍ ജില്ലാ ആശുപത്രി ഐസലേഷന്‍ വാര്‍ഡിലായിരുന്നു. 

ആകെയുള്ള കൂട്ട് കേരള യാത്രയില്‍ കൂട്ടായിരുന്ന സൈക്കിള്‍ മാത്രം. അതും ഐസലേഷന്‍ വാര്‍ഡിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്നു. കോവിഡ് 19 സംശയത്തില്‍ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സ് എത്തിച്ചപ്പോഴും യുവാന്‍ വാശിപിടിച്ചത് ഒപ്പം ആ സൈക്കിളും കയറ്റണമെന്നായിരുന്നു. ആരോഗ്യവകുപ്പും പൊലീസും സമ്മതം മൂളിയതോടെ സൈക്കിളും ആംബുലന്‍സിലേറി ജില്ലാ ആശുപത്രിയിലെത്തി. 

ഫ്രാന്‍സ് സ്വദേശിയായ യുവാന്‍ ജാക്വിസ് ജനുവരിയിലാണു കേരളത്തിലെത്തിയത്. സൈക്കിളില്‍ നാടുചുറ്റുകയായിരുന്നു മോഹം.  ഇതിനിടെ ശ്രീലങ്കയിലേക്കും പോയി. അവിടെ നിന്നു തമിഴ്‌നാട് വഴി പാലക്കാട്ടെത്തി. ദിവസങ്ങള്‍ക്കു മുന്‍പു ജില്ലാ അതിര്‍ത്തിയില്‍ ഇദ്ദേഹത്തെ കണ്ടപ്പോള്‍ പൊലീസ് വിശദവിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതോടെ വീണ്ടും തമിഴ്‌നാട്ടിലേക്കു പോയി. കഴിഞ്ഞ ദിവസമാണു തിരിച്ചെത്തിയത്. തുടര്‍ന്നു കൊടുവായൂര്‍ റോഡ് വഴി സഞ്ചരിക്കുമ്പോള്‍ തണുത്ത കാറ്റേറ്റതോടെ മന്നത്തുകാവിനു സമീപം വയലില്‍ ഇരുന്നു വിശ്രമിച്ചു.   യാത്രാക്ഷീണത്താല്‍ ഉറങ്ങിപ്പോയി. രാത്രി മുഴുവന്‍ നെല്‍പാടത്തു സുഖമായി ഉറങ്ങി. 

ഇന്നലെ രാവിലെ ബഹളം കേട്ടാണ് ഉണര്‍ന്നത്. വിദേശി വയലില്‍ തളര്‍ന്നുവീണെന്നായിരുന്നു പ്രചാരണം. ജില്ലാ ആരോഗ്യ വിഭാഗവും പൊലീസും സ്ഥലത്തെത്തി യുവാനെ ജില്ലാ ആശുപത്രി ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.  രോഗമില്ലെന്നു കണ്ടെത്തിയെങ്കിലും തല്‍ക്കാലം ഐസലേഷന്‍ വാര്‍ഡില്‍ തുടരുന്നു ഇയാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com