കോടതിയിൽ ഹാജരാക്കി, തിരിച്ചെത്തിയതിന് പിന്നാലെ കൊവിഡ് ലക്ഷണങ്ങൾ; തടവുകാരൻ ഐസൊലേഷൻ വാർഡിൽ 

കെഎസ്ആർടിസി ബസിലാണ് സംഘം യാത്രചെയ്തത്
കോടതിയിൽ ഹാജരാക്കി, തിരിച്ചെത്തിയതിന് പിന്നാലെ കൊവിഡ് ലക്ഷണങ്ങൾ; തടവുകാരൻ ഐസൊലേഷൻ വാർഡിൽ 

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു കട്ടപ്പന സബ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരനു കോവിഡ് 19 രോ​ഗലക്ഷണങ്ങൾ. പനിയും ചുമയും ബാധിച്ചിരിക്കുന്നതിനാൽ ഇയാളെ മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിലേക്കു മാറ്റി. ഇയാൾക്കൊപ്പം പോയ ജയിൽ ജീവനക്കാരും സഹതടവുകാരും നിരീക്ഷണത്തിലാണ്. 

അഞ്ച് ദിവസം മുൻപാണ് സെൻട്രൽ ജയിലിൽ നിന്നു തടവുകാരനെ കട്ടപ്പനയിലേക്കു കൊണ്ടുപോയത്. കെഎസ്ആർടിസി ബസിലാണ് സംഘം യാത്രചെയ്തത്. തിരികെയെത്തി രണ്ട് ദിവസത്തിനുള്ളിൽ പനിയും ചുമയും ബാധിച്ചതായി കണ്ടെത്തി. തുടർന്ന് ഇന്നലെ രാവിലെ മെ‍ഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. 

ജയിലിനകത്തേക്കു പുതുതായി എത്തിയ തടവുകാരെയും കോടതിയിൽ ഹാജരാക്കി തിരികെയെത്തിച്ചവരെയും പാർപ്പിക്കാനായി വിയ്യൂരിൽ പ്രത്യേക ബ്ലോക്ക് തയാറാക്കിയിട്ടുണ്ട്. എസ് ബ്ലോക്കിലാണ് ഇവരെ പാർപ്പിച്ചിട്ടുള്ളത്. എസ് ബ്ലോക്കിൽ കഴിയുന്നവരുടെ എണ്ണം നിലവിൽ 40 കടന്ന‌ു. 

ജയിൽ വകുപ്പ് ആസ്ഥാനത്തു നിന്ന് അറിയിപ്പു ലഭിക്കുന്നതു വരെ സംസ്ഥാനത്തെ എല്ലാ ജയിലുകളിൽ നിന്നും തടവുകാരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതു നിർത്തിവച്ചിട്ടുണ്ട്.  പരോൾ അനുവദിക്കുന്ന കാര്യത്തിലും കടുത്ത നിയന്ത്രണമാണുള്ളത്. അതീവ പ്രാധാന്യമുള്ളവയൊഴികെയുള്ള കേസുകളിലെ പ്രതികളെ രണ്ടാഴ്ച കോടതിയിൽ ഹാജരാക്കേണ്ടതില്ലെന്നും അറിയിപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com