'ഏക് ഔർ ആധാദിൻ ഹോ ഗയാ മുജേ ഖാനേ കേലിയേ മിൽക്കർ’; വിശന്നുകരഞ്ഞ് ചിത്തരഞ്ജൻ പൊലീസ് സ്റ്റേഷനിൽ ; അന്നമെത്തിച്ച്  ശ്രീനിവാസൻ 

സമ്പൂർണ ലോക്‌ ഡൗൺ നിലവിൽവന്നതോടെ ജോലിയില്ലാതായതാണ് മറുനാടൻ തൊഴിലാളികൾ പട്ടിണിയിലായത്
'ഏക് ഔർ ആധാദിൻ ഹോ ഗയാ മുജേ ഖാനേ കേലിയേ മിൽക്കർ’; വിശന്നുകരഞ്ഞ് ചിത്തരഞ്ജൻ പൊലീസ് സ്റ്റേഷനിൽ ; അന്നമെത്തിച്ച്  ശ്രീനിവാസൻ 

കോഴിക്കോട് : വിശന്നു വലഞ്ഞ് കരഞ്ഞുകൊണ്ട് ഇതരസംസ്ഥാനക്കാരനായ തൊഴിലാളി പൊലീസ് സ്റ്റേഷനിലെത്തി. സ്ഥിതി മനസ്സിലാക്കിയ പൊലീസ് ഓഫീസർ ഭക്ഷണം വാങ്ങി നൽകി. കൂടാതെ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് ഇതരസംസ്ഥാന തൊഴിലാളികൾക്കും പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ശ്രീനിവാസന്റെ നേതൃത്വത്തിൽ പൊലീസുകാർ ഭക്ഷണം ഏർപ്പാടാക്കി നൽകി. 

ഫറോക്ക് നല്ലളം പൊലീസ് സ്റ്റേഷനിലാണ് നന്മയുടെ ഈ മാതൃക ഉണ്ടായത്.  ‘‘സാർ മേ ചിത്തരഞ്ജൻ ബംഗാളി, ഏക് ഔർ ആധാദിൻ ഹോ ഗയാ മുജേ ഖാനേ കേലിയേ മിൽക്കർ’’. ബംഗാളി സ്വദേശിയായ ചിത്തരഞ്ജൻ വിശന്നുവലഞ്ഞ് കരഞ്ഞുകൊണ്ട് അഭ്യർഥിക്കുകയായിരുന്നു. ഒന്നര ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാൾ വ്യക്തമാക്കിയത്.

ഇതു കേട്ടയുടൻ  സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ശ്രീനിവാസൻ ചിത്തരഞ്ജന് ഭക്ഷണം വാങ്ങിനൽകാൻ ഏർപ്പാടുചെയ്തു. താൻ മാത്രമല്ല, അരീക്കാട്ടെ വാടകവീട്ടിൽ തന്നെപ്പോലെ ഇരുപത്തിയഞ്ചുപേർ വേറെയുമുണ്ടെന്ന് ചിത്തരഞ്ജൻ പറഞ്ഞു. തുടർന്ന് ഇവർക്ക് താത്കാലിക ആശ്വാസമെന്ന രീതിയിൽ കുറച്ച് ഭക്ഷണം ഉണ്ടാക്കിനൽകാൻ തന്റെ നാട്ടുകാരനായ ഹോട്ടൽ നടത്തിപ്പുകാരൻ ബിജുവിനോട്  ശ്രീനിവാസൻ ആവശ്യപ്പെടുകയും ചെയ്തു. 

ബിജുവും കുടുംബവും ഇവർക്കുവേണ്ട ഭക്ഷണം തയ്യാറാക്കി സ്റ്റേഷനിലെത്തിച്ചു. നല്ലളം സ്റ്റേഷൻ ഓഫീസർ എംകെ സുരേഷ് കുമാറും, എസ്ഐ മുസ്തഫയും ശ്രീനിവാസനും ചേർന്ന് ബംഗാളികൾ താമസിക്കുന്ന വാടകവീട്ടിലെത്തി ഭക്ഷണം നൽകി. അതിനിടെ, തൊട്ടടുത്ത വിട്ടിൽനിന്ന് ഇരുപതോളംവരുന്ന ബംഗാളികളും പാത്രവുമായെത്തി.

കൊണ്ടുവന്ന ഭക്ഷണം അവർക്കെല്ലാം വീതിച്ചുനൽകുകയും വൈകീട്ടോടെ ഒരു ചാക്ക് അരിയും ഇവർക്കായി ഏർപ്പാടാക്കി.സമ്പൂർണ ലോക്‌ ഡൗൺ നിലവിൽവന്നതോടെ ജോലിയില്ലാതായതാണ് മറുനാടൻ തൊഴിലാളികൾ പട്ടിണിയിലായത്.രാവിലെ അരീക്കാട് അങ്ങാടിയിലെത്തുന്ന ഇവരെ ജോലിക്കാവശ്യമുള്ളവർ ഇരുചക്രവാഹനത്തിലും മറ്റും കൊണ്ടുപോവുകയാണ് പതിവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com