പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് ഏഴു വരെയാക്കി

നിയോജകമണ്ഡലം പരിധിയിലും സിറ്റിയിലും ഒരു പെട്രോള്‍ പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് ഏഴു വരെയാക്കി


കൊച്ചി : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് ഏഴു വരെയാക്കി. പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുകയും സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ചും പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. 

അവശ്യ സര്‍വീസായി ആയി പ്രഖ്യാപിച്ചിട്ടുള്ള പെട്രോള്‍ പമ്പുകളുടെ ജില്ലയിലെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാക്കിയാണ് നിജപ്പെടുത്തിയത് . എന്നാല്‍ നിയോജകമണ്ഡലം പരിധിയിലും സിറ്റിയിലും ഒരു പെട്രോള്‍ പമ്പ്  24 മണിക്കൂറും പ്രവര്‍ത്തിക്കും. 

ഓരോ താലൂക്കിലും നാഷണല്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതാണ് . കൂടാതെ ഏഴുമണിക്ക് അടച്ച പമ്പുകള്‍ അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ തുറന്ന് ഇന്ധനം നല്‍കുന്നതിലേക്കായി ഉത്തരവാദിത്തപ്പെട്ട ഒരാളുടെ ഫോണ്‍നമ്പര്‍ പമ്പുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. 

അതാതു ദിവസം ഏതു പെട്രോള്‍ പമ്പാണ് തുറക്കുക എന്നത് അടഞ്ഞുകിടക്കുന്ന പമ്പിന്റെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഉത്തരവ് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com