രണ്ടുമണിക്കൂറില്‍ കയറിയിറങ്ങിയത് അഞ്ചിലേറെ ആശുപത്രികള്‍; മുംബൈയില്‍ ചികിത്സ കിട്ടാതെ ഒരു മലയാളി കൂടി മരിച്ചു

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ കാസര്‍കോട് സ്വദേശി മരിച്ചു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

മുംബൈ: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് ചികിത്സ തേടി അഞ്ചു ആശുപത്രികള്‍ കയറിയിറങ്ങിയത്. സൗകര്യങ്ങള്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് ചികിത്സ നല്‍കാതെ ഇദ്ദേഹത്തെ ആശുപത്രികള്‍ മടക്കി അയച്ചത്. ഒടുവില്‍ രണ്ടുമണിക്കൂറിലേറെ നേരത്തെ കാത്തിരിപ്പിന് ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കാസര്‍കോട് സ്വദേശി ചികിത്സ തേടി എത്തിയത്. നിലവില്‍ കോവിഡ് പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ മുംബൈയിലെ ആശുപത്രികളില്‍ വലിയ തോതിലുളള തിരക്ക് അനുഭവപ്പെടുകയാണ്. അതിനിടെയാണ് ഇദ്ദേഹം ചികിത്സ തേടി എത്തിയത്. ഓക്‌സിജന്‍ സൗകര്യമില്ല, ബെഡില്ല തുടങ്ങി സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത്. ഇതിനിടയില്‍ ഇദ്ദേഹം അഞ്ചിലേറെ ആശുപത്രികള്‍ കയറി ഇറങ്ങി. അവസാനം സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശനം അനുവദിച്ചത്. അതിനിടെ രണ്ടുമണിക്കൂറിലേറെ സമയമാണ് ഇദ്ദേഹത്തിന് നഷ്ടമായത്. അപ്പോഴേക്കും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞാഴ്ച നവി മുംബൈയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മലയാളി വീട്ടമ്മയ്ക്കാണ് ചികിത്സ നിഷേധിച്ചത്. കോവിഡ് പരിശോധനാ ഫലം ഉണ്ടെങ്കില്‍ മാത്രമേ ചികിത്സ അനുവദിക്കുകയുളളൂവെന്നായിരുന്നു ആശുപത്രികളുടെ നിലപാട്. അതിനിടെ ആരോഗ്യനില വഷളായി ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com