ഏഴ് ദിവസം പോര, പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം; സംസ്ഥാനങ്ങളോട് കേന്ദ്രം

മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏത് ജില്ലക്കാരാണോ അതത് ജില്ല ആസ്ഥാനങ്ങളിലായിരിക്കണം ഇവര്‍ക്ക് പരമാവധി ക്വാറന്റൈന്‍ സൗകര്യം ഒരുക്കേണ്ടതെന്നും കേന്ദ്രം നിര്‍ദേശം നല്‍കി
ഏഴ് ദിവസം പോര, പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം; സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. മടങ്ങിയെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍(സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍) നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഇന്നു വൈകുന്നേരമാണ് കത്തയച്ചത്.

മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണം. മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏത് ജില്ലക്കാരാണോ അതത് ജില്ല ആസ്ഥാനങ്ങളിലായിരിക്കണം ഇവര്‍ക്ക് പരമാവധി ക്വാറന്റൈന്‍ സൗകര്യം ഒരുക്കേണ്ടതെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മടങ്ങിയെത്തുന്നവരുടെ പട്ടിക, അവര്‍ എത്തുന്നതിനു മുന്നേ തന്നെ വിദേശകാര്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ഇവരുടെ എണ്ണത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ക്വാറന്റൈന്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണെന്നും അക്കാര്യങ്ങളെല്ലാം സംസ്ഥാനമാണ് നിര്‍വഹിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രവാസികളെ വന്നയുടന്‍ തന്നെ ക്വാറന്റൈനിലാക്കും. ഏഴാമത്തെ ദിവസം ഇവരെ പിസിആര്‍. ടെസ്റ്റിന് വിധേയരാക്കും. പിസിആര്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവര്‍ വീട്ടിലേക്ക് പോയി ക്വാറന്റൈനില്‍ തുടരണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com