വെര്‍ച്വല്‍ ക്യൂ, ഓണ്‍ലൈന്‍ ടോക്കണ്‍ , മൊബൈല്‍ ആപ്പ് ;  മദ്യവില്‍പനയ്ക്ക് ഓണ്‍ലൈന്‍ സാധ്യത പരിശോധിച്ച് ബെവ്‌കോ

മദ്യം  വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്
വെര്‍ച്വല്‍ ക്യൂ, ഓണ്‍ലൈന്‍ ടോക്കണ്‍ , മൊബൈല്‍ ആപ്പ് ;  മദ്യവില്‍പനയ്ക്ക് ഓണ്‍ലൈന്‍ സാധ്യത പരിശോധിച്ച് ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്‌കോ. മദ്യശാലകള്‍ തുറക്കുമ്പോഴുണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി ആലോചിക്കുന്നത്. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പിലാക്കാന്‍ പൊലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടിയതായി ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ സൂചിപ്പിച്ചു.

ഓണ്‍ലൈന്‍ ടോക്കണ്‍ രീതിയോ വെര്‍ച്ചല്‍ ക്യൂ മാതൃകയോ നടപ്പാക്കുന്നതിനായി മികച്ച സോഫ്റ്റ്‌വെയര്‍ കമ്പനിയെ കണ്ടെത്താനാണ് ശ്രമം. ഇതിനായി ബെവ്‌കോ എം.ഡി. ജി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ കമ്പനികളുടെ പരിശോധന തുടങ്ങി. ശബരിമലയിലടക്കം വെര്‍ച്വല്‍ ക്യൂ സംവിധാനം വിജയകരമായി നടപ്പിലാക്കിയ അനുഭവ സമ്പത്തുള്ളത്തിനാലാണ് പൊലീസിന്റെ സഹായവും തേടിയത്.

മദ്യം  വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും.

എല്ലാ ബിവറേജസ് ഔട്ട് ലെറ്റുകളുടേയും വിവരങ്ങള്‍ ആപഌക്കേഷനില്‍ ഉള്‍പ്പെടുത്തും. പിന്‍കോഡ് അനുസരിച്ചാകും ബിവറേജസ് ഷോപ്പുകള്‍ ആപ്പില്‍ കാണിക്കുക. ഉപഭോക്താക്കള്‍ക്ക് പ്ലേ സ്‌റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സംവിധാനം ആലോചിക്കുന്നത്. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്എംഎസ് സംവിധാനത്തിലൂടെ മദ്യം നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

ഒരാള്‍ ഒരിക്കല്‍ മദ്യം ബുക്ക് ചെയ്താല്‍ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ ബുക്കിങ്ങ് അനുവദിക്കാവു എന്നതാണ് ബെവ്‌കോ മുന്നോട്ട് വെച്ച് പ്രധാന നിര്‍ദേശം. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍  ഇതുവരെ 29 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 267 ഷോപ്പുകളാണ് ബവ്‌കോയ്ക്കുള്ളത്. ഒരു ദിവസം ശരാശരി 7 ലക്ഷം പേരാണ് ബവ്‌കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷം വരെയെത്തും. ഒരുദിവസം ശരാശരി 40 കോടിരൂപയുടെ കച്ചവടമാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com