മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ : അഞ്ചു കമ്പനികൾ അന്തിമ ചുരുക്കപ്പട്ടികയിൽ ; മൊബൈൽ ആപ്പ് ഉടൻ പുറത്തിറക്കിയേക്കും

30 കമ്പനികള്‍ അപേക്ഷ നല്‍കിയതില്‍ 16 കമ്പനികള്‍ അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ച മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ അടക്കം ഓൺലൈൻ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അഞ്ചു കമ്പനികളാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഉള്ള മൊബൈൽ ആപ്പ് നിർമ്മാണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.  

സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ്‌ എക്‌സൈസ് വകുപ്പ് ആപ്പ് വികസിപ്പിക്കാനുള്ള ചുമതല നല്‍കിയിരുന്നത്. 30 കമ്പനികള്‍ അപേക്ഷ നല്‍കിയതില്‍ 16 കമ്പനികള്‍ അന്തിമ പട്ടികയില്‍ ഇടം നേടി. അതില്‍ നിന്നാണ് അഞ്ചു കമ്പനികളെ ഷോർട്ട്ലിസ്റ്റ് ചെയ്തത്. ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭായോ​ഗം അനുമതി നൽകിയിരുന്നു.

ഈ കമ്പനികളുടെ ലിസ്റ്റ് ഐടി വകുപ്പിന് കൈമാറിയിട്ടുണ്ട്. ഐടി വകുപ്പാണ് ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഓൺലൈൻ ടോക്കൺ നൽകി, നിസ്ചിത സമയത്ത് ഷോപ്പിലെത്തി മദ്യം വാങ്ങുന്ന തരത്തിലുള്ള ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി മദ്യഷോപ്പുകളിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.

കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് വരുമാനമില്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ഈ പശ്ചാത്തലത്തിൽ മദ്യത്തിന് 35 ശതമാനം കോവിഡ് സെസ്സ് ചുമത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. മദ്യശാലകൾ തുറക്കുമ്പോൾ പുതുക്കിയ വില നിലവിൽ വരുമെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ബാറുകളിൽ മദ്യം പാഴ്സലായി വിൽക്കാനും മന്ത്രിസഭ അനുമതി നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com