20 രൂപയ്‌ക്ക്‌ ഉച്ചഭക്ഷണം, കുടുംബശ്രീയുടെ 'നന്മ' ഹിറ്റ്; 772 ഹോട്ടലുകൾ തുറന്നു, ഏറ്റവും കൂടുതൽ എറണാകുളത്ത് 

ഡിസംബറോടെ 1000 ജനകീയ ഹോട്ടൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷ
20 രൂപയ്‌ക്ക്‌ ഉച്ചഭക്ഷണം, കുടുംബശ്രീയുടെ 'നന്മ' ഹിറ്റ്; 772 ഹോട്ടലുകൾ തുറന്നു, ഏറ്റവും കൂടുതൽ എറണാകുളത്ത് 

കൊച്ചി: 1000 ജനകീയ ഹോട്ടൽ എന്ന സർക്കാർ ആശയവുമായി മുന്നേറുകയാണ് കുടുംബശ്രീ. എട്ടുമാസത്തിനിടെ 772 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീ ആരംഭിച്ചത്. ഡിസംബറോടെ 1000 ജനകീയ ഹോട്ടൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. 

ഫെബ്രുവരിയിലെ ബജറ്റിലാണ് 20 രൂപയ്‌ക്ക്‌ ഭക്ഷണം നൽകുന്ന 1000 ജനകീയ ഹോട്ടൽ എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. ഇതിനോടകം എ‌‌ഴുന്നൂറിൽപ്പരം ഹോട്ടലുകൾ വഴി തുച്ഛവിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാൻ കുടുംബശ്രീക്കായി. 5000ത്തോളം പേർക്ക് തൊഴിലും ഇതിലൂടെ ലഭിച്ചു. 

772 ഹോട്ടലുകളിൽ കൂടുതലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ ആരംഭിക്കാനുദ്ദേശിച്ച 98ൽ 97 ഹോട്ടലുകളും തുറന്നു. പാലക്കാട് 71, തിരുവനന്തപുരത്തും കൊല്ലത്തും 68 വീതം, കോഴിക്കോട് 67 എന്നിങ്ങനെ ഹോട്ടൽ തുറന്നു. 76 ഹോട്ടലുകൾ തുറക്കാനുദ്ദേശിക്കുന്ന ആലപ്പുഴയിൽ 55 ഹോട്ടലുകൾ ആരംഭിച്ചു. കണ്ണൂർ 63, തൃശൂർ 62, മലപ്പുറം 56, കോട്ടയം 43, പത്തനംതിട്ട 41, ഇടുക്കി 32, കാസർകോട് 29, വയനാട് 20 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ജനകീയ ഹോട്ടലുകളുടെ എണ്ണം. കോവിഡ് 19 വെല്ലുവിളിക്കിടയിലാണ് പ്രവർത്തനം തുടങ്ങിയതെങ്കിലും ദിവസേന ഏകദേശം 80,000 പേരാണ് ഹോട്ടലുകളിൽനിന്ന് 20 രൂപയുടെ ഉച്ചഭക്ഷണം കഴിക്കുന്നത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തിലൂടെയാണ് ജനകീയ ഹോട്ടലുകളുടെ രൂപീകരണം. പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും ലഭ്യമാക്കുന്ന  ജനകീയ ഹോട്ടലുകളായും ഇവ മാറുമെന്നും അധികൃതർ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com