ആയിരം അന്വേഷണം വന്നാലും ഭയമില്ല; ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കരുതെന്ന് പി ടി തോമസ്

കള്ളപ്പണ ഇടപാട് പരാതിയില്‍ തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി ടി തോമസ് എംഎല്‍എ
ആയിരം അന്വേഷണം വന്നാലും ഭയമില്ല; ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കരുതെന്ന് പി ടി തോമസ്

കൊച്ചി: കള്ളപ്പണ ഇടപാട് പരാതിയില്‍ തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി ടി തോമസ് എംഎല്‍എ. ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കേണ്ടെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

2006 മുതല്‍ 2011വരെ ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്റെ പേരില്‍ രണ്ടു അന്വേഷണം നടത്തിയെന്നും ആയിരം വിജിലന്‍സ് അന്വേഷണം വന്നാലും ഭയമില്ലെന്നും പി ടി തോമസ് പ്രതികരിച്ചു. പിണറായി വിജയന്‍ പറയുന്നതുപോലെയല്ല, തനിക്ക് ആരുടേയും മുന്നില്‍ തലകുനിക്കേണ്ട കാര്യമില്ലെന്നും പി ടി തോമസ് കൂട്ടിച്ചേര്‍ത്തു. 

നിയസമഭയ്ക്ക് അകത്തും പുറത്തും പിണറായി സര്‍ക്കാരിന്റെ ചില ചെയ്തികള്‍ക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തൂക്കിക്കൊന്നാലും ആ നിലപാട് തുടരും. വിജിലന്‍സ് അന്വേഷണത്തെ സ്വാഗം ചെയ്യുന്നു എന്നും തോമസ് പറഞ്ഞു. വിജിലന്‍സ് അന്വേഷണം എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടതില്ലെന്നും പിണറായി വിജയന്റെ കാര്യങ്ങളെ സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം വേണമെന്ന് പരാതി കൊടുക്കുന്ന കാര്യം താന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ് എന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. 

കള്ളപ്പണ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ നിയമസഭ സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

ഇടപ്പള്ളിയിലെ ഭൂമി ഇടപാടില്‍ പി ടി തോമസിന്റെ സാന്നിധ്യത്തില്‍ കള്ളപ്പണ ഇടപാട് നടന്നു എന്നാണ് പരാതി. ഇടപാട് നടന്നപ്പോള്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ എത്തിയതും പി ടി തോമസ് സ്ഥലത്ത് നിന്ന് മാറിയതും വിവാദമായിരുന്നു. വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com