നെല്‍കൃഷി ചെയ്യൂ; പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ ഇട്ടു തരും, പുതിയ പദ്ധതി നാളെ മുതല്‍

നെല്‍കൃഷി ചെയ്യൂ; പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ ഇട്ടു തരും, പുതിയ പദ്ധതി നാളെ മുതല്‍
നെല്‍കൃഷി ചെയ്യൂ; പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ ഇട്ടു തരും, പുതിയ പദ്ധതി നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന കൃഷിവകുപ്പ്. പദ്ധതി പ്രകാരം നെല്‍കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിയോഗ്യമാക്കുകയും ചെയ്യുന്ന ഉടമകള്‍ക്ക് ഹെക്ടറിന് പ്രതിവര്‍ഷം 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.  

നാല്‍പ്പതു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഉടമകള്‍ക്കായിരിക്കും ആദ്യ വര്‍ഷം റോയല്‍റ്റി ലഭിക്കുക. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. 

നെല്‍ വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍ ആ ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍/ഏജന്‍സികള്‍ മുഖേന ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കാം. എന്നാല്‍ ഈ ഭൂമി തുടര്‍ന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും.

റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൃഷിക്കാര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.  202021 ലെ ബജറ്റില്‍ നെല്‍കൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

നെല്ല് ഉല്പാദനത്തിലും സംഭരണത്തിലും റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com