ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും ; ബംഗലൂരുവിലെ ഇടപാടുകളിലും അന്വേഷണം

ലഹരി കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സ്വീകരിക്കുന്ന നിലപാടും ബിനീഷിന് നിര്‍ണായകമാണ്
ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും ; ബംഗലൂരുവിലെ ഇടപാടുകളിലും അന്വേഷണം

ബംഗലൂരു : ബിനീഷ് കോടിയേരിയുടെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗലൂരുവിലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ എട്ടു ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തു വരികയാണ്. 

കേരളത്തിലെ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും. 

രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. ബിനീഷിൻറെ വീട്ടിൽ 26 മണിക്കൂർ നീണ്ട ഇഡി റെയ്ഡിൽ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. ബിനീഷിൻ്റെ ബിനാമികളെന്നു കണ്ടെത്തിയവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസയച്ചിരുന്നുവെങ്കിലും ആരും ഹാജരായിട്ടില്ല. 

ലഹരി കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സ്വീകരിക്കുന്ന നിലപാടും ബിനീഷിന് നിര്‍ണായകമാണ്. ലഹരി മരുന്ന് ഉപയോഗിച്ചെന്നും, ലഹരി ഇടപാടിന് സാമ്പത്തിക സഹായം നല്‍കി എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെതിരെ എന്‍സിബി കേസെടുത്തേക്കും. ബിനീഷിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയേറെയാണ്. ബിനീഷിന്റെ ബംഗലൂരുവിലെ ബിനാമി ഇടപാടുകളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com