ആദ്യം കമറുദ്ദീന്‍, കെഎം ഷാജിയും ഇബ്രാഹിംകുഞ്ഞും ഉള്‍പ്പടെ 12 യുഡിഎഫ് എംഎല്‍എമാര്‍ ജയിലില്‍ പോകും;  എ വിജയരാഘവന്‍

സോളാര്‍, ബാര്‍ കോഴ കേസുകളില്‍ യുഡിഎഫിന്റെ ഒരു ഡസന്‍ എംഎല്‍എമാര്‍ അകത്തുപോകുമെന്നും വിജയരാഘവന്‍
ആദ്യം കമറുദ്ദീന്‍, കെഎം ഷാജിയും ഇബ്രാഹിംകുഞ്ഞും ഉള്‍പ്പടെ 12 യുഡിഎഫ് എംഎല്‍എമാര്‍ ജയിലില്‍ പോകും;  എ വിജയരാഘവന്‍

തിരുവനന്തപുരം: ഫാഷന്‍ ഗോല്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈം
ബ്രാഞ്ച് അറസ്റ്റ് ചെയ്ത എംസി കമറുദ്ദീന്‍ എംഎല്‍എയെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എംസി കമറുദ്ദീന്റെ അഴിമതിക്ക് മുസ്ലീം ലീഗ് കൂട്ടുനില്‍ക്കുകയാണെന്ന് വിജയരാഘവന്‍ പറഞ്ഞു. അഴിമതിയെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. മുസ്ലിം ലീഗ് അഴിമതിയെ ന്യായീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗിനെ പിന്തുണച്ച് രംഗത്ത് വന്നു. കമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമറുദ്ദീന് പിന്നാലെ കെഎം ഷാജിയും ഇബ്രാഹിംകുഞ്ഞും ജയിലില്‍ പോകും. സോളാര്‍ ബാര്‍ കോഴ കേസുകളില്‍ യുഡിഎഫിന്റെ ഒരു ഡസന്‍ എംഎല്‍എമാര്‍ അകത്തുപോകുമെന്നും വിജയരാഘവന്‍ പറഞ്ഞു.സോളാര്‍ കേസില്‍ കുറ്റം ചെയ്തവരെ സ്വാഭാവികമായി അറസ്റ്റ് ചെയ്യും. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കും. രാഷ്ട്രീയ തീരുമാനമല്ല ഉണ്ടാവേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു. കമറുദ്ദീന്റെ അറസ്റ്റ് ഒരു തുടക്കം മാത്രമാണ്. വിവിധ കേസുകളില്‍ പ്രതികളായ യുഡിഎഫിന്റെ മറ്റ് എംഎല്‍എമാരും സ്വാഭാവികമായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഈ കേസുകളില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും വിജയരാഘവന്‍ പറഞ്ഞു.

നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ് കോടതിയാണ് കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.തെളിവുകള്‍ ശേഖരിക്കാന്‍ രണ്ടുദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിനൊന്നാം തിയ്യതിയിലേക്ക് മാറ്റി. പതിനൊന്നാം തിയ്യതി മൂന്ന് മണിക്ക് കമറുദ്ദീനെ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു

ഒളിവില്‍ പോയ ഒന്നാം പ്രതിയും ഫാഷന്‍ ഗോല്‍ഡ് എംഡിയുമായ പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കും മകനുമെതിരെ പൊലൂസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com