പ്ലാസ്റ്റിക് ഷീറ്റില്‍ മാന്തി ശബ്ദം ഉണ്ടാക്കി, കുരച്ചു; അലറി വിളിച്ചെത്തി കാട്ടാന; ഒന്‍പതംഗ കുടുംബത്തെ രക്ഷിച്ച് വളര്‍ത്തുനായ

കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ നിന്ന് ഒന്‍പതംഗ കുടുംബത്തെ രക്ഷിച്ച് വളര്‍ത്തുനായ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ നിന്ന് ഒന്‍പതംഗ കുടുംബത്തെ രക്ഷിച്ച് വളര്‍ത്തുനായ. വളര്‍ത്തുനായ ജിമ്മിയുടെ ജാഗ്രത ഒന്നുകൊണ്ടാണ് കുടുംബം ഇപ്പോഴും ജീവനോടെ കഴിയുന്നത്. കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കിയുമാണ് ജിമ്മി മുന്നറിയിപ്പ് നല്‍കിയത്. കിടന്നിരുന്ന ചായ്പ് കാട്ടാന നശിപ്പിച്ചെങ്കിലും വീട്ടുകാര്‍ക്ക് രക്ഷപ്പെടാനായത് നായയുടെ ബഹളംകൊണ്ടാണ്.

എടക്കര ഉദിരംകുളം മങ്ങാട്ടൂര്‍ സുന്ദരന്റെ ഒന്‍പതംഗ കുടുംബമാണ് കാട്ടാനയില്‍നിന്ന് രക്ഷപ്പെട്ടത്. കരിയംമുരിയം വനത്തിന്റെ സമീപമാണ് ഇവരുടെ വീട്. വീടിനോടുചേര്‍ന്ന് അടുക്കളയായി ഉപയോഗിക്കുന്ന ചായ്പിലാണ് സുന്ദരനും ഭാര്യയും ഉറങ്ങുന്നത്. പ്ലാസ്റ്റിക്കിന്റെ മറയാണ് ചായ്പിനുള്ളത്.

വളര്‍ത്തുനായ ജിമ്മി ശബ്ദത്തില്‍ കുരയ്ക്കുന്നതും പ്ലാസ്റ്റിക് ഷീറ്റില്‍ മാന്തി ശബ്ദം ഉണ്ടാക്കുന്നതും കേട്ടാണ് സുന്ദരനും ഭാര്യ സീതയും ഉണര്‍ന്നത്. പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് മുറ്റത്ത് നില്‍ക്കുന്ന കൊമ്പനെ. അലറിവിളിച്ച ആന തുമ്പിക്കൈ നീട്ടി ചായ്പിന്റെ അകത്തേക്കു കയറാന്‍ ശ്രമിച്ചു. ഒരുനിമിഷം കൊണ്ട് സുന്ദരനും ഭാര്യയും മക്കള്‍ കിടക്കുന്ന മുറിയിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയില്‍ മേല്‍ക്കൂര തകര്‍ത്ത ആന ചായ്പിനുള്ളിലേക്ക് കയറാന്‍ വീണ്ടും ശ്രമിച്ചു. വീട്ടുകാരുടെ കൂട്ടനിലവിളി ശബ്ദത്തില്‍ അമ്പരന്ന് ആന പിന്തിരിഞ്ഞു. പത്തുമിനിറ്റോളം വീടിനുചുറ്റും വലംവെച്ച് ചെമ്പന്‍കൊല്ലി റോഡ് വഴി കാട്ടിലേക്ക് കയറി. കാടതിര്‍ത്തിവരെ ആനയെ പിന്തുടര്‍ന്ന് ഓടിച്ചശേഷമാണ് ജിമ്മി തിരിച്ചുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com