'പ്രതിമ പോലെ നില്‍ക്കാനല്ല ജനം തെരഞ്ഞെടുത്തത്'; ആര് എതിര്‍ത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല

കിഫ്ബിയെ തകര്‍ക്കാന്‍ ഏതു ശക്തി വന്നാലും ചെറുക്കും. കിഫ്ബിയുമായി ബന്ധപ്പെട്ട ഓഡിറ്റിനു സിഎജിക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്.
'പ്രതിമ പോലെ നില്‍ക്കാനല്ല ജനം തെരഞ്ഞെടുത്തത്'; ആര് എതിര്‍ത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല

തിരുവനന്തപുരം: ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെ തകര്‍ത്താല്‍ വികസനം തകര്‍ക്കാമെന്നു കരുതുന്നവര്‍ക്കു വഴങ്ങും എന്ന ധാരണ ആരും വച്ചുപുലര്‍ത്തേണ്ട. കിഫ്ബിയെക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ നാടിന്റെ ശത്രുക്കളാണ്. അത്തരക്കാരുടെ മനോവൈകല്യത്തിനു വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വെല്ലുവിളിക്കു മുന്നില്‍ പ്രതിമപോലെ നില്‍ക്കാനല്ല സര്‍ക്കാരിനെ ജനം തെരഞ്ഞെടുത്തത്. കിഫ്ബിയെ തകര്‍ക്കാന്‍ ഏതു ശക്തി വന്നാലും ചെറുക്കും. കിഫ്ബിയുമായി ബന്ധപ്പെട്ട ഓഡിറ്റിനു സിഎജിക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ ഘട്ടത്തില്‍പോലും ഓഡിറ്റ് പ്രവര്‍ത്തനം നടന്നു. ഓഡിറ്റിനുശേഷം ഫയലുകള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ അനുമതി തേടിയപ്പോള്‍ അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കിഫ്ബി വഴി ധനസമാഹരണം നടത്തുന്നത് ആദ്യമായല്ല. രണ്ടു തവണ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ധനസമാഹരണം. 1999ല്‍ 13.52 ശതമാനം പലിശയ്ക്ക് 507.6 കോടി രൂപയാണ് വായ്പ എടുത്തത്. 2002ല്‍ 10.5 ശതമാനം പലിശയ്ക്ക് 10.74 കോടി എടുത്തു. 2003ല്‍ 11 ശതമാനം പലിശയ്ക്ക് 505.91 കോടി വായ്പയെടുത്തു. അന്ന് കടമെടുത്ത പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കായി വകമാറ്റി.

അതിനാല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സിഎജി ഓഡിറ്റിനു വിധേയമായ സ്ഥാപനമാണ് കിഫ്ബി. 25 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ ഓഡിറ്റിനു വിധേയമാണ്. അതിനു ആരുടെയും അനുവാദം ആവശ്യമില്ല. 4 തവണ ഈ സര്‍ക്കാരിന്റെ കാലത്ത് ഓഡിറ്റ് നടന്നു. പിന്നെ ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് എന്താണ് പ്രശ്‌നം? ഒരിക്കല്‍ ഓഡിറ്റ് തുടങ്ങിയാല്‍ തുടര്‍ന്നുള്ള രണ്ടു വര്‍ഷവും തുടരാം.

അതുകഴിഞ്ഞാല്‍ സിഎജി ഓഡിറ്റ് തുടരണമെന്നു സര്‍ക്കാരിന് ആവശ്യപ്പെടാം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ കത്ത് നല്‍കിയിട്ടുണ്ട്. സെബി, ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ച് ധനസമാഹരണത്തിനുള്ള പരിഷ്‌കാരങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയില്‍ വരുത്തി. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെയാണു കിഫ്ബി ഫണ്ട് അനുവദിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു പിന്നാലെ സിഎജിയും വന്നിരിക്കുകയാണെന്നു പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com