ഇലക്ട്രിക്കല്‍ സാധനങ്ങളുടെ കയറ്റിറക്ക്; ചുമട്ടു തൊഴിലാളികള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റിറക്ക്; ചുമട്ടു തൊഴിലാളികള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ടെലിവിഷന്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഇലക്ട്രിക്കല്‍ സാധനങ്ങളുടെ കയറ്റിറക്കു ജോലി തങ്ങള്‍ക്കു വേണമെന്ന് ചുമട്ടു തൊഴിലാളികള്‍ക്ക് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇലക്ട്രിക്കല്‍ സാധനങ്ങളുടെ കയറ്റിറക്കില്‍ കൂടുതല്‍ സൂക്ഷ്മത വേണമെന്നും ഇതിനു പരിശീലനം ലഭിച്ചവര്‍ വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. 

ആലപ്പുഴയില്‍ ഇലക്ട്രിക്കല്‍ സാധനങ്ങളുടെ കച്ചവടം നടത്തുന്ന എ ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. തന്റെ കടയിലേക്കുള്ള ഇലക്ട്രിക്കല്‍ സാധനങ്ങള്‍ കയറ്റിറക്കു നടത്തുന്ന, സ്വന്തം തൊഴിലാളികള്‍ക്കു പൊലീസ് സുരക്ഷ ആവശ്യപ്പെട്ടാണ് ബാലകൃഷ്ണന്‍ കോടതിയെ സമീപിച്ചത്.

ഇലക്ട്രോണിക്, ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ചുമട്ടു തൊഴിലാളികള്‍ക്കു പരിശീലനം ലഭിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിലപിടിപ്പിക്കുള്ള ഉപകരണങ്ങള്‍ തൊഴിലാളികള്‍ വേണ്ടത്ര സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്താല്‍ തനിക്കു നഷ്ടം സംഭവിക്കും. അതുകൊണ്ട് പരിശീലനം നേടിയ സ്വന്തം തൊഴിലാളികളാണ് അവ കൈകാര്യം ചെയ്യുന്നത്. അവര്‍ക്കു സുരക്ഷ വേണമൈന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഇലക്ട്രോണിക് സാധനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം  നേടാത്ത തൊഴിലാളികള്‍ക്ക് അവ കയറ്റിറക്കു നടത്തുന്നതില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്മാര്‍ട്ട് ടിവി, റഫ്രിജറേറ്റര്‍, ഫുഡ് പ്രൊസസര്‍, മൈക്രോവേവ് അവന്‍, വാട്ടര്‍ ്പ്യൂരിഫയര്‍ തുടങ്ങിയവയില്‍ എല്ലാം സങ്കീര്‍ണമായ സര്‍ക്യൂട്ടുകള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. ഇവയ്ക്കു കേടുപാടു പറ്റുന്നത് ഉടമയ്ക്കു നഷ്ടമുണ്ടാക്കുമെന്ന വാദം കോടതി അംഗീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com