വൈസ് പ്രിൻസിപ്പൽ നിയമന വിവാദം : പ്രൊഫ. ജയദേവന്റെ രാജി സ്വീകരിച്ചു ; ബിന്ദുവിന് ചുമതല

ബിന്ദുവിനെ സൂപ്പര്‍ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രിന്‍സിപ്പല്‍ പി എ ജയദേവന്‍ രാജിവെച്ചത്
വൈസ് പ്രിൻസിപ്പൽ നിയമന വിവാദം : പ്രൊഫ. ജയദേവന്റെ രാജി സ്വീകരിച്ചു ; ബിന്ദുവിന് ചുമതല

തൃശൂര്‍ : വൈസ് പ്രിന്‍സിപ്പൽ നിയമന വിവാദത്തിൽ തൃശൂര്‍ കേരളവര്‍മ കോളജ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്നുള്ള പ്രൊഫ. പി എ ജയദേവന്റെ രാജി സ്വീകരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡാണ് രാജി സ്വീകരിച്ചത്. പകരം വൈസ് പ്രിൻസിപ്പലായ പ്രൊഫ. ആർ ബിന്ദുവിന് പ്രിൻസിപ്പലിന്റെ ചുമതല കൈമാറി. 

ബിന്ദുവിനെ സൂപ്പര്‍ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രിന്‍സിപ്പല്‍ പി എ ജയദേവന്‍ രാജിവെച്ചത്.  സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. തൃശൂർ കോർപ്പറേഷൻ മുൻ മേയറാണ്.

ഒക്ടോബര്‍ മുപ്പതിനാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഇതോടെ പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രിന്‍സിപ്പലിന് വീതിച്ച് നല്‍കിയിരുന്നു. കോളജില്‍ ആദ്യമായാണ് ഒരു വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. 

നിലവിലുളള ചുമതലകള്‍ക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോളജിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വികസനപ്രവര്‍ത്തനങ്ങള്‍, കോളേജ് അക്രഡിറ്റേഷന്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും സംയുക്തമായി നിര്‍വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഇതിന് പുറമേ കേളജില്‍ കിഫ്ബി, ഡവലപ്പ്‌മെന്റ് ഫോറം, പി.ടി.എ. എന്നിവയുടെ സഹായത്തോടെ നടപ്പില്‍ വരുത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും എന്‍.ഐ.ആര്‍.എഫ്. , നാക് തുടങ്ങിയ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ സ്വതന്ത്ര ചുമതലകള്‍ കൂടി വൈസ് പ്രിന്‍സിപ്പലിന് നല്‍കിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. 

പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുക വഴി പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നായിരുന്നു ഉയര്‍ന്നുവന്ന ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിക്കുക വഴി ചട്ടലംഘനമാണ് നടന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com