പൊലീസ് സേനയ്ക്ക് നാണക്കേട് ;നെയ്യാര്‍ ഗ്രേഡ് എസ്‌ഐയുടേത് ഗുരുതര വീഴ്ചയെന്ന് ഡിഐജി

ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട കാര്യമില്ലെന്നും റേഞ്ച് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി
ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ (വീഡിയോ ചിത്രം)
ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ (വീഡിയോ ചിത്രം)


തിരുവനന്തപുരം : പരാതി നല്‍കാനെത്തിയ അച്ഛനെയും മകളെയും അസഭ്യം പറയുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്ത നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐക്കെതിരെ ഡിഐജിയുടെ റിപ്പോര്‍ട്ട്. ഗ്രേഡ് എസ്‌ഐ ഗോപകുമാറിന്റെ പെരുമാറ്റം പൊലീസ് സേനയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചു. ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട കാര്യമില്ലെന്നും റേഞ്ച് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 

എസ്‌ഐ പൊലീസ് യൂണിഫോമിലായിരുന്നില്ല. മാത്രമല്ല മറ്റൊരു കേസ് അന്വേഷിക്കാന്‍ പോയി തിരികെ സ്‌റ്റേഷനിലേക്ക് എത്തിയ എഎസ്‌ഐക്ക് ഇവരുടെ പ്രശ്‌നത്തില്‍ ഇടപെടുകയോ, തര്‍ക്കിക്കുകയോ ചെയ്യേണ്ട കാര്യമില്ല. സ്റ്റേഷനിലേക്ക് വന്നപാടേ ഗ്രേഡ് എസ്‌ഐ മോശമായി പെരുമാറുകയായിരുന്നു. പരാതിക്കാരോട് അപമര്യാദയോടെയാണ് ഗോപകുമാര്‍ പെരുമാറിയെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പരാതിക്കാരനായ സുദേവന്‍ തന്നോട് മോശമായി പെരുമാറിയതാണ് പ്രകോപിപ്പിച്ചതെന്ന ഗോപകുമാറിന്റെ വിശദീകരണം ഡിഐജി തള്ളി. സുദേവന്‍ തന്നോട് മോശമായ രീതിയിലാണ് സംസാരിച്ചത്. ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുനീക്കിയശേഷമാണ് വീഡിയോ പുറത്തുവിട്ടതെന്നും ഗോപകുമാര്‍ വിശദീകരിച്ചു. എന്നാല്‍ ഇതെന്നും ന്യായീകരിക്കാവുന്നതല്ലെന്ന് ഡിഐജി പറഞ്ഞു. ഇത്തരം സംസാരങ്ങളുണ്ടായെങ്കില്‍ ഇടപെടേണ്ടിയിരുന്നത് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ്‌ഐയാണെന്നും ഡിഐജി വ്യക്തമാക്കി. 

സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്യുന്നു. മേലുദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് ഗോപകുമാർ അധിക്ഷേപിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തു. സംഭവത്തിൽ അന്വേഷണവും കൂടുതൽ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവൻ നെടുമങ്ങാട് ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടുണ്ട്. കുടുംബപ്രശ്നത്തിൽ പരാതി നൽകാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാർ അധിക്ഷേപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com