'അച്ഛാ ഞാന്‍ ട്രിപ്പിലാണ്', റബര്‍ തോട്ടത്തിലെ കൈതക്കാട്ടില്‍ ഒളിച്ചിരുന്ന മകന്റെ ഫോണ്‍വിളി ; 25 മണിക്കൂര്‍ നീണ്ട തിരച്ചില്‍ ; രണ്ടു പ്രതികള്‍ പിടിയില്‍ 

രണ്ടു രാത്രിയും ഒരു പകലുമാണ് ഇവര്‍ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്
പൊലീസ് തിരച്ചിലില്‍
പൊലീസ് തിരച്ചിലില്‍

കോട്ടയം : പൊലീസിനെ വെട്ടിച്ച് റബര്‍ തോട്ടത്തില്‍ ഒളിച്ച മോഷ്ടാക്കളില്‍ രണ്ടു പേര്‍ പിടിയിലായി. 25 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായ രണ്ടപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. മണര്‍കാട് സ്വദേശിയായ 16 കാരന്‍, വെള്ളൂര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരാണ് വലയിലായത്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. 

പിണ്ണാക്കനാട്- പൈക റൂട്ടില്‍ ചേരാനി ഗുരുമന്ദിരത്തിനു സമീപത്തുനിന്നാണ് തിടനാട് എസ്‌ഐ ക്ലീറ്റസ് ജോസഫും സംഘവും ഇവരെ പിടികൂടിയത്. രണ്ടു രാത്രിയും ഒരു പകലുമാണ് ഇവര്‍ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന്‍  അയ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന മണര്‍കാട് സ്വദേശി ഉണ്ണിക്കുട്ടനാണെന്ന് (25) പൊലീസ് പറയുന്നു. ഉണ്ണിക്കുട്ടനെ കണ്ടെത്താനായില്ല. 

മേലുകാവ് മറ്റത്തെ വാച്ച് കടയില്‍ നിന്നു മോഷ്ടിച്ച ഫോണ്‍ പ്രതികള്‍ ഒളിച്ച ചേരാനിയിലെ തോട്ടത്തില്‍ നിന്നു പൊലീസ് കണ്ടെടുത്തു. ഒളിവിലുള്ള ഉണ്ണിക്കുട്ടനും പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ബൈക്കുകള്‍ മോഷ്ടിച്ച് കറങ്ങിനടക്കുകയും ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുകയുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. യാത്രകളോടുള്ള താല്‍പര്യം കാരണമാണു മണര്‍കാട് സ്വദേശി 16 വയസ്സുകാരന്‍ ഈ സംഘത്തില്‍പ്പെട്ടതെന്നാണ് പൊലീസ് വിലയിരുത്തല്‍. 

റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ മണര്‍കാട് സ്വദേശിയായ 16 കാരന്‍ അച്ഛനെ ഫോണ്‍ വിളിച്ചു. മൂന്നു നാലു ദിവസമായി കാണാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ അച്ഛനോടു പറഞ്ഞു..: 'അച്ഛാ ഞാന്‍ ട്രിപ്പിലാണ്'. ആ സമയം പൊലീസും നാട്ടുകാരും ഇവരെ തിരച്ചിലോടു തിരച്ചിലിലായിരുന്നു. പ്രതിയെ തേടി പൊലീസ് മണര്‍കാട്ടെ വീട്ടിലും എത്തി. മകന്‍ 'ട്രിപ്പിന് ഇടയില്‍' വിളിച്ച കാര്യം അച്ഛന്‍ പൊലീസിനോടു പറഞ്ഞു. ദാഹിച്ചപ്പോള്‍ റബര്‍പ്പാലിന്റെ ചിരട്ടയിലെ മഴവെള്ളം അരിച്ചു കുടിച്ചാണ് ദാഹം തീര്‍ത്തതെന്ന് ഇവര്‍ വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com